കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന. ഷാറൂഖിനെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു.
നേരത്തെ കേസില്‍ ഐപിസി 302 ( കൊലക്കുറ്റം) ചുമത്തിയിരുന്നില്ല. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഐപിസി 302 ചുമത്തിയത്. ഐപിസി 307 (വധശ്രമം), 326 (അപകടകരമായി പരിക്കേല്‍പ്പിക്കല്‍), 436 ( സ്ഫോടകവസ്തു ഉപയോഗിച്ച് ആക്രമിക്കല്‍), അതോടൊപ്പം റെയില്‍വേ ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിനുള്ള വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തത്. ഷാറൂഖ് സെയ്ഫിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഇന്നത്തെ മെഡിക്കല്‍ പരിശോധനാ ഫലത്തിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.
കിടത്തിചികിത്സ വേണ്ടതില്ലെന്നും ഷാറൂഖ് സെയ്ഫിയെ ഡിസ്ചാര്‍ജ് ചെയ്യാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. തിങ്കളാഴ്ച പരിശോധനയ്ക്ക് കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും. ഷാറൂഖിനെ ജില്ലാ ജയിലിലേക്ക് മാറ്റാനുള്ള വാറണ്ട് കൈമാറിയിട്ടുണ്ട്. ജില്ലാ ജയിലിലെ അതീവസുരക്ഷാ സെല്ലിലാകും പ്രതിയെ പാര്‍പ്പിക്കുകയെന്നാണ് സൂചന.
ഷാറൂഖ് സെയ്ഫിയുടെ അടുത്ത ബന്ധുക്കളെ കേരള പോലീസ് ചോദ്യം ചെയ്തു. സെയ്ഫി ഒറ്റയ്ക്കാണോ, സംഘമായിട്ടാണോ യാത്ര നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമായില്ല. പൊതുവെ ശാന്തനാണെങ്കിലും ചില സമയത്ത് ഇയാള്‍ അക്രമസ്വഭാവം കാണിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.