CrimeNEWS

ഉറക്കാന്‍ കിടത്തിയിട്ട് ഉറങ്ങിയില്ല; 14 മാസം പ്രായമുള്ള കുഞ്ഞിന്റെ കൈ ആയ കടിച്ചു പറിച്ചു

സിംഗപ്പുര്‍: ഉറക്കാന്‍ കിടത്തിയ കുഞ്ഞ് ഉറങ്ങാത്തതിന്റെ പേരില്‍ 14 മാസം പ്രായമുള്ള കുഞ്ഞിനെ ആയ കടിച്ച് പരിക്കേല്‍പ്പിച്ചു. സിംഗപ്പൂരിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്നവരാണ്. കുഞ്ഞിനെ നോക്കുന്നതിന് വേണ്ടിയാണ് വീട്ടില്‍ ആയയെ നിര്‍ത്തിയത്. കുഞ്ഞിന്റെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിച്ചെന്ന മാതാപിതാക്കളുടെ പരാതിയില്‍ ആയക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്തൊനേഷ്യയില്‍ നിന്നുള്ള 33 വയസുകാരിയാണ് കുഞ്ഞിനോട് അതിക്രമം കാട്ടിയത്. 2021 മുതല്‍ ഈ വീട്ടിലാണ് ഇവര്‍ ജോലി ചെയ്ത് വന്നിരുന്നത്. ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളാണ് വീട്ടിലുള്ളത്. കുഞ്ഞുങ്ങളെ നോക്കുന്നതിന് പുറമെ വീട്ട് ജോലികളും ഇവരാണ് ചെയ്തിരുന്നത്. കഴിഞ്ഞ മാസം അവസാനം മൂത്ത കുട്ടിയെ സ്‌കൂളില്‍ വിടാന്‍ അമ്മ പുറത്ത് പോയപ്പോഴാണ് സംഭവം ഉണ്ടാകുന്നത്.

Signature-ad

രണ്ട് കുട്ടികളേയും ആയ ഉറക്കാന്‍ കിടത്തിയിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ ഇവര്‍ കുഞ്ഞിന്റെ കയ്യില്‍ കടിച്ച് പറിക്കുകയായിരുന്നു. അമ്മ വീട്ടിലെത്തി കുഞ്ഞിനെ എടുത്തപ്പോഴാണ് പാട് കയ്യില്‍ കാണുന്നത്. തുടര്‍ന്ന് ആയയെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറത്ത് വരുന്നത്. കുട്ടികളുടെ അമ്മ ഉടന്‍ ആയക്കെതിരെ പോലീസില്‍ പരാതി നല്‍കി. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിന് പിന്നാലെ കോടതി ഇവര്‍ക്ക് ആറ് മാസം തടവ്ശിക്ഷ വിധിച്ചു.

Back to top button
error: