ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്റ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ മന അല്‍ മക്തുമാണ് വരന്.
വിവാഹത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നെങ്കിലും വിവാഹത്തീയതി രാജകുടുംബം പരസ്യമാക്കിയിട്ടില്ല. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന. മാതാവ് ശൈഖ മദിയ ബിന്ത് അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂം.
യുഎഇയില്‍ റിയല്‍ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങളില്‍ ഷെയ്ഖ് മന ബിന്‍ പങ്കാളിയാണ്. യുഎഇ ആംഡ് ഫോഴ്സ് നാഷണല്‍ സര്‍വീസില്‍ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എമിറേറ്റ്സിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സെക്യൂരിറ്റി ആന്‍ഡ് റിസ്ക് മാനേജ്മെന്റില്‍ ബിരുദം നേടി.
പാരമ്പര്യമായുള്ള കുതിരയോട്ട കമ്പം ഷെയ്ഖ് മഹ്റയ്ക്കുമുണ്ട്. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയാണ് രാജകുമാരി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരനായ ഷെയ്ഖ് മന കുതിരസവാരിയടക്കമുള്ള കായിക രംഗത്തോട് താത്പര്യമുള്ള വ്യക്തിയാണ്.