CrimeNEWS

കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

കൊച്ചി: എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി പനമ്പിളളി നഗര്‍ മനോരമ ജങ്ഷനിലുളള എസ്ബിഐ സിഡിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശി പാലത്തിങ്കല്‍ വീട്ടില്‍ ഷഫീറിനെയാണ് (20) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മനോരമ ജങ്ഷനിലുളള എടിഎം തകര്‍ത്ത് മോഷണ ശ്രമം ഉണ്ടായത്. ക്യാബിനുളളില്‍ കടന്ന രണ്ട് പ്രതികള്‍ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ടൂള്‍സും ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാങ്കിന്റെ മുബൈയിലുളള കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് പോലീസ് കണ്‍ട്രോളില്‍ വിവരം ലഭിക്കുകയും പോലീസ് ഉടന്‍ സ്ഥലത്തെത്തുകയായിരുന്നു. പോലീസ് വരുന്നത് കണ്ട പ്രതികള്‍ കടന്ന് കളഞ്ഞു. എടിഎം മെഷീനിന്റെ പകുതി തകര്‍ത്ത നിലയിലായിരുന്നു.

Signature-ad

എസിപി: പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. പ്രതികള്‍ സംഭവ സമയം ക്യാപ്പ് ധരിച്ചിരുന്നതിനാല്‍ മുഖം കൃത്യമായി കാണാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സമീപത്തുളള മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതില്‍ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.

സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികള്‍ മുന്‍പ് ഇതേ എടിഎമ്മില്‍ ഉപയോഗിച്ച പ്രിപെയ്ഡ് കാര്‍ഡിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇത് പ്രതികളിലേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷനും മറ്റും ഉപയോഗിച്ചുള്ള പരിശോധനയില്‍ പ്രതി കടവന്ത്ര ഭാഗത്ത് എത്തിയതായി വിവരം ലഭിക്കുകയും തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണപോലീസ് സ്റ്റേഷനില്‍ വാഹന മോഷണ കേസുണ്ട്. സിസിടിവി ടെക്നീഷ്യന്‍ കോഴ്സ് കഴിഞ്ഞിട്ടുളള ഇയാള്‍, ആ അറിവ് വച്ചാണ് അലാറം ഓഫ് ചെയ്തത്.

Back to top button
error: