CrimeNEWS

ഉത്സവം കൂടാനായി അവധിയെടുത്തെത്തി; പോലീസ് മര്‍ദ്ദനത്തില്‍ യുവാവിന്റെ ചെവി തകര്‍ന്നെന്ന് പരാതി

കൊല്ലം: പോലീസ് മര്‍ദനത്തില്‍ യുവാവിന്റെ ചെവി തകര്‍ന്നെന്ന് പരാതി. കൊല്ലം കണ്ണനല്ലൂര്‍ പോലീസാണ് നെടുമ്പന സ്വദേശി അതുലിന്റെ ചെവിയില്‍ ലാത്തി കൊണ്ടടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയ അതുല്‍ ഇപ്പോള്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഉത്സവത്തിനിടെ തമ്മില്‍ തല്ലിയവരെ പിരിച്ചു വിടുക മാത്രമാണുണ്ടായതെന്നാണ് പോലീസ് പറയുന്നു.

നെടുമ്പന മരുതൂര്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തമ്മില്‍ തല്ലിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഉത്സവം കാണാനെത്തിയ അതുലിന്റെ ചെവിക്ക് ലാത്തി കൊണ്ടുള്ള അടിയേറ്റു. ഗുരുതരമായ പരുക്കേറ്റ ചെവിയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി. ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയെങ്കിലും വേദന സഹിക്കാന്‍ പറ്റാതായതോടെ ഇന്നലെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായി.

Signature-ad

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അതുല്‍ ഉത്സവം കൂടാനാണ് നാട്ടിലെത്തിയത്. ചെവി തകര്‍ന്ന് ചികിത്സയിലായതോടെ കൃത്യസമയത്ത് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവും ഇതോടെ നിലച്ചു. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണാനാണ് കുടുംബത്തിന്റെ നീക്കം. എന്നാല്‍, ഇരുചേരികളായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ തടയുക മാത്രമാണുണ്ടാതെന്നാണ് പോലീസ് വിശദീകരണം. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും കണ്ണനല്ലൂര്‍ പോലീസ് അറിയിച്ചു.

Back to top button
error: