ഇന്ധനവില വര്‍ധനവ്; കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി ഇന്ധവില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
ഈ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്ന സാധാരണക്കാരായ ജനങ്ങളോടുളള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ പത്തുദിവസമായി ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പത്തുദിവസത്തിനുളളില്‍ പെട്രോളിന് ഒരു രൂപ 33 പൈസയും, ഡീസലിന് 2 രൂപ 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് പതിവ് നടപടിയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇവിടെ വില വര്‍ധിപ്പിക്കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഈ പകല്‍ കൊളളയ്ക്കെതിരെ അതിശക്തമായി പ്രതിഷേധിക്കണമെന്ന് സക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് എണ്ണവില വര്‍ധനവിന് ന്യായീകരണമായി ഇപ്പോള്‍ എണ്ണക്കമ്പനികള്‍ പറയുന്നത്. 48 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ക്രൂഡ് ഓയില്‍ 100 ബാരലിന് മുകളിലായപ്പോഴും രാജ്യത്ത് 60 രൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില. വില നിര്‍ണയാവകാശം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതോടെയാണ് രാജ്യത്ത് എണ്ണ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുമ്പോള്‍ എണ്ണ വില കൂട്ടുന്ന കമ്പനികള്‍ പക്ഷേ, വില കുറയുമ്പോള്‍ എണ്ണ വില കുറയ്ക്കാറില്ല. കുത്തക എണ്ണ കമ്പനികള്‍ക്ക് ജനങ്ങളെ കൊളളയടിക്കാന്‍ എല്ലാ അവസരവും നല്‍കുകയാണ് കേന്ദ്ര-ബിജെപി സര്‍ക്കാര്‍. നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊളളലാഭം കൊയ്യുന്നു.
ബീഹാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കഴിഞ്ഞ മാസങ്ങളില്‍ എണ്ണവില വര്‍ധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയത്. കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ കൊളളയടിച്ച് കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ അവസരം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ഇളവുകള്‍ വഴി ആശ്വാസം നല്കേണ്ടതിന് പകരം ന്യായമായും ലഭിക്കേണ്ടത് പോലും നല്‍കാതെ പിടിച്ചുപറിയാണ് കേന്ദ്രം നടത്തുന്നത്. ഇതിനെതിരെ ജനരോക്ഷം ഉയരണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.