CrimeNEWS

ബലാത്സംഗം ചെയ്തശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴു ലക്ഷം തട്ടി; വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി മുംബൈയില്‍ പിടിയില്‍

പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ മുംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ റഹിം പിഎം (44) ആണ് പിടിയിലായത്. മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു വെച്ചൂച്ചിറ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത്.

പീഡന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2017 ജൂലൈയില്‍ പെരുമ്പെട്ടി കുളക്കുടി മിച്ചഭൂമിയിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചകയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഫോട്ടോകള്‍ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

Signature-ad

2019 ഡിസംബര്‍ 8 നാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. അന്നത്തെ എസ് ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്, പോലീസ് ഇന്‍സ്പെക്ടര്‍ ബി അനില്‍ അന്വേഷണം ഏറ്റെടുത്തുവെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം, അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍ സുരേഷിന് അന്വേഷണം കൈമാറി. ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. സുരേഷ് സ്ഥലം മാറിപ്പോയതിനാല്‍ പിന്നീട് ചാര്‍ജ് എടുത്ത പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയക്കായിരുന്നു അന്വേഷണച്ചുമതല. ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുള്ള പ്രതിയെ മാര്‍ച്ച് 31 ന് മുംബൈ സഹര്‍ വിമാനത്താവളത്തില്‍ ഇമ്മിഗ്രേഷന്‍ വിഭാഗം അധികൃതര്‍ തടഞ്ഞുവച്ചതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വെച്ചൂച്ചിറ പോലീസ് മുംബൈയിലെത്തുകയായിരുന്നു.

സഹര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ ഏപ്രില്‍ ഒന്നിന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. യുവതിയില്‍ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ചിലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: