Breaking NewsKeralaLead NewsNEWSpolitics

‘വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം; രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്‌ളക്‌സുകൾ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്‌ളക്‌സുകൾ. വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം എന്നാണ് ഫ്‌ളക്‌സിലെ പരാമർശം. പിആർ വർക്കിന്റെ ബലത്തിൽ മുതിർന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ലെന്നുമാണ് വിമർശനം.

ഡിസിസി ഓഫീസിന് തൊട്ടുമുൻവശത്തായി രണ്ട് ഫ്‌ളക്‌സുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇന്നലെ രാത്രിയോടെ ആയിരിക്കാം ഫ്‌ളക്‌സുകൾ ഇവിടെ സ്ഥാപിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.

Signature-ad

‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ – ‘പിആർ വർക്കിന്റെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – എന്നാണ് ഒരു ഫ്‌ളക്‌സിലെ വാക്കുകൾ. തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഫ്‌ളക്‌സിൽ – ‘വി.ഡി. സതീശന്റെ പിആർ പണി അവസാനിപ്പിക്കുക. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചുകൊള്ളും’ – എന്നാണ് എഴുതിയിട്ടുള്ളത്.

സിസിടിവി ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലാണ് എറണാകുളത്തെ ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്നത്. തീരെ കുറഞ്ഞ സമയത്തിൽ ചെയ്തിട്ടുപോകാവുന്ന തരത്തിലല്ല ഫ്‌ളെക്‌സ് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നിൽ എന്ന് കണ്ടുപിടിക്കണമെങ്കിൽ ഡിസിസിക്ക് അത് ആവാം.

എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി അഞ്ചുദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നതിനാലും, ആര് അധികാരത്തിലെത്തും എന്നത് സംബന്ധിച്ച് ആർക്കും ഉറപ്പില്ല എന്നതിനാലും ഡിസിസി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടയില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: