IndiaNEWS

രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർ എസ് എസുമെന്ന് കെ.സി. വേണുഗോപാൽ

ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർ എസ് എസുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോലാർ പ്രസംഗത്തിലെ അപകീർത്തി പരാമർശ കേസിൽ അപ്പീൽ നൽകുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുമെന്നും വേണുഗോപാൽ സ്ഥിരീകരിച്ചു. പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ദില്ലിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകും. കോടതി നടപടിയെ മുൻവിധിയോടെ കാണുന്നില്ലെന്നും വേണുഗോപാൽ വിശദീകരിച്ചു. രാഹുൽ അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് വേവലാതിയെന്ന ചോദ്യവും ബിജെപി നേതാക്കൾക്ക് നേരെ വേണുഗോപാൽ തൊടുത്തു.

കഴിഞ്ഞ മാസം 23 നാണ് കോൺഗ്രസിന് വലിയ തിരിച്ചടിയായി കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശവും നൽകി. രാഷ്ട്രീയ നേട്ടത്തിനായി അപ്പീൽ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമർശനത്തിനിടെയാണ് രാഹുൽ നാളെ സിജെഎം കോ‍ടതിയിലേക്ക് നീങ്ങുന്നത്. മനു അഭിഷേക് സിംഗ് വി, പി ചിദംബരം, സൽമാൻ ഖുർഷിദ് അടങ്ങുന്ന പാർട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീൽ തയ്യാറാക്കിയത്.

Signature-ad

ഗുജറാത്തിലെ കോടതികളിൽ നിന്ന് നീതി കിട്ടുമോയെന്നതിൽ കോൺഗ്രസ് സംശയം പ്രകടിപ്പിക്കുന്നതിനാൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അപ്പീൽ തയ്യാറാക്കിയിരിക്കുന്നത്. പരാതിക്കാരനനുകൂലമായി ഗുജറാത്ത് ഹൈക്കോടതി നേരത്തെ സിജെഎം കോടതി നടപടികളിൽ ഇടപെട്ടത് പാർട്ടിയുടെ സംശയം ബലപ്പെടുത്തുന്നുണ്ട്. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താൽ രാഹുൽ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും.

എന്നാൽ പാറ്റ്ന, ഹരിദ്വാറടക്കം മറ്റ് കോടതികളിൽ രാഹുലിനെതിരെ മാനനഷ്ടക്കേസുകൾ നിലനിൽക്കുന്നുണ്ട്. കോടതി നടപടികളോട് പോലും രാഹുലിന് പുച്ഛമാണെന്നും, നിയമ വ്യവസ്ഥയെ മാനിക്കുന്നില്ലെന്നുമുള്ള ബിജെപിയുടെ ആക്ഷേപത്തിന് രാഷ്ട്രീയ മറുപടി നൽകാൻ കൂടിയാണ് നാളെ കോടതിയിൽ നേരിട്ട് ഹാജരാകുന്നത്. അതേ സമയം അയോഗ്യത വിവാദത്തെ തുടർന്ന് പ്രതിപക്ഷ സഖ്യത്തിലടക്കം കോൺഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയതിനാൽ കരുതലോടെയാകും ബിജെപിയുടെ തുടർ നീക്കങ്ങൾ.

Back to top button
error: