സിഡ്‌നി: ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ‘ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി’ (ഒ.എഫ്.ബി.ജെ.പി) ഓസ്‌ട്രേലിയ ഘടകം സ്ഥാപകരിലൊരാളായ ബലേഷ് ധന്‍ഖറിനെതിരേ കേസെടുത്തു. മയക്കുമരുന്ന് നല്‍കല്‍, ബലാത്സംഗം, പീഡന ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങി 39 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്‍കി സ്ത്രീകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ഇതിനിടയില്‍ ഇവരെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.
കൊറിയന്‍ സ്ത്രീകളോട് ഇയാള്‍ അമിത ലൈംഗിക താല്‍പര്യം കാണിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയിലെ ‘സീരിയല്‍ റേപ്പിസ്റ്റ്’ എന്ന് അറിയപ്പെടുന്ന ബലേഷ് ധന്‍ഖര്‍ 2018 ല്‍ പോലീസ് പിടിയിലാകുന്നതു വരെ ‘ഒ.എഫ്.ബി.ജെ.പി’യുടെ പ്രവര്‍ത്തകനായിരുന്നു.
ബലാത്സംഗത്തിനെതിരെ 13, ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന് നല്‍കല്‍ ആറ്, പീഡനദൃശ്യങ്ങള്‍ പകര്‍ത്തല്‍-17 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബലേഷിനെതിരെയുള്ള കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2018 ജനുവരി-ഒക്ടോബര്‍ കാലയളവിലാണ് പീഡനങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ ഇയാള്‍ സിഡ്‌നി ട്രെയിന്‍സില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബലേഷ് കേസുകളില്‍ തന്റെ പേര് പുറത്തുവരാതിരിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിരിക്കെ (2019-2021) മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിലും വാര്‍ത്താചാനലായ എബിസിയിലും ഇയാള്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നു.
2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കൊറിയന്‍ യുവതികളെ കെണിയില്‍ പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊറിയന്‍ യുവതികളോട് അമിത ലൈംഗിക താല്‍പര്യം പുലര്‍ത്തിയിരുന്ന ബലേഷ് അസാധാരണമായ പ്രവര്‍ത്തിയിലൂടെയാണ് യുവതികളെ കെണിയില്‍ പെടുത്തിയിരുന്നതെന്ന് വിചാരണ വേളയില്‍ കോടതി നിരീക്ഷിച്ചു.
കൊറിയന്‍-ഇംഗ്ലീഷ് പരിഭാഷകരുടെ ഒഴിവുണ്ടെന്നു പറഞ്ഞായിരുന്നു ഇയാള്‍ വ്യാജ പരസ്യങ്ങള്‍ നല്‍കിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന യുവതികളെ ഹോട്ടലിലേക്കോ വീട്ടിലേക്കോ അഭിമുഖത്തിനായി ക്ഷണിക്കും. ഇത്തരത്തില്‍ എത്തുന്ന യുവതികളെ മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. താന്‍ ബന്ധപ്പെട്ട യുവതികളുടെ പേരും മറ്റ് വിവരങ്ങളും ബലേഷ് എഴുതി സൂക്ഷിച്ചിരുന്നു. കേസില്‍ പ്രധാന തെളിവായി മാറിയത് ഈ കുറിപ്പുകളാണ്. 20ല്‍ ഏറെ യുവതികളുടെ വിവരങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്.
യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ 47 വീഡിയോകള്‍ ബലേഷില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 2018 ഒക്ടോബറില്‍ തുടങ്ങിയ പീഡന പരമ്പരയ്ക്ക് ഒക്ടോബറോടെയാണ് അവസാനം ഉണ്ടാകുന്നത്. ഇയാള്‍ പീഡിപ്പിച്ച യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്നു തന്നെ ബലേഷിനെ അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയ തന്നെ വൈനില്‍ മയക്കുമരുന്ന് കലര്‍ത്തി തന്ന ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. ടൈംപീസുകളിലും മറ്റും രഹസ്യ കാമറകള്‍ ഘടിപ്പിച്ചാണ് ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഓസ്‌ട്രേലിയന്‍ പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ആഗോള സംഘടനയാണ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി. 2014 ല്‍ സിഡ്നിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വീകരണം സംഘടിപ്പിക്കുന്നതില്‍ സംഘടന പ്രധാന പങ്കുവഹിച്ചിരുന്നു. അതിനിടെ, ബലേഷ് ധന്‍ഖര്‍ 2018 ജൂലൈയില്‍ സംഘടനയില്‍ നിന്ന് രാജിവച്ചതായി ഒഎഫ്ബിജെപി ഓസ്‌ട്രേലിയ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.