
തൃശ്ശൂര്‍: രാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ ആക്രമിച്ച് കവര്‍ച്ച ചെയ്യുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റൂര്‍ വിലയപറമ്പ് സ്വദേശി പൊന്നമ്പത്ത് വീട്ടില്‍ അക്ഷയ് (26), അത്താണി സ്വദേശിയായ സില്‍ക്ക് നഗറില്‍ താമസിക്കുന്ന ആലിങ്ങപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് പിടികൂടിയത്. പാലസ് ഗ്രൗണ്ട് പരിസരം കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്.
പട്ടിക്കാട്, പറവട്ടാനി സ്വദേശികളെയാണ് ഇവര്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയത്. പട്ടിക്കാട് സ്വദേശി ബൈക്കില്‍ വരുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച ശേഷം നഷ്ടപരിഹാരമായി വന്‍തുക ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുത്തു. ഇതേ ദിവസംതന്നെ പറവട്ടാനി സ്വദേശിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പഞ്ചലോഹമോതിരവും സ്വര്‍ണവും കവര്‍ച്ച ചെയ്തിരുന്നു.
ഇവരുടെ പരാതിയിലാണ് ഈസ്റ്റ് പോലീസ് തിരൂര്‍ പുത്തന്‍മഠംകുന്ന് പരിസരത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണെന്ന് പോലീസ് പറയുന്നു.






