കോഴിക്കോട്: പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയിലായി. പന്തീരാങ്കാവ് മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22), പറമ്പില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരെയാണ് പന്തീരാങ്കാവ് ഇന്‍സ്പെക്ട്ടര്‍ എന്‍ ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലായിരുന്നു മോഷണം. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ വളപ്പിനു പുറത്തെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് പ്രതികള്‍ രാത്രിയിലെത്തി കടത്തിക്കൊണ്ടുപോയത്.
പരാതിയെ തുടര്‍ന്ന് കേസെടുത്ത പന്തീരാങ്കാവ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലെത്തിയത്. മുന്‍പ് കളവ് കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. കൂടാതെ നൂറോളം സിസി ടിവി ക്യാമറകളും അഞ്ഞൂറോളം കോള്‍ ഡീറ്റെയ്ല്‍സുകളും പരിശോധിച്ചു. പ്രതികളില്‍ ഒരാളായ രാഹുല്‍ മുന്‍പ് മാത്തറ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസില്‍ ജയിലിലായിരുന്നു. ഇയാള്‍ രണ്ടു മാസമായി ജാമ്യത്തില്‍ ഇറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു.
പ്രതികള്‍ ഇരുവരും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. എംഡിഎംഎ പോലുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നതിനു പണം കണ്ടെത്താന്‍ വേണ്ടിയാണ് മോഷണം നടത്തുന്നത്. മോഷ്ടിക്കുന്ന വാഹനം നമ്പര്‍ മാറ്റി വാഹനത്തിന്റെ ആര്‍സിയും മറ്റ് രേഖകളും കളഞ്ഞുപോയതാണെന്ന് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുമെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. പന്തീരാങ്കാവിലേത് കൂടാതെ കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മറ്റൊരു സ്‌കൂട്ടറും മോഷണം നടത്തിയിട്ടുണ്ടെന്നും ലഹരി ഉപയോഗിച്ച് സ്വബോധം ഇല്ലാതെയാണ് മോഷണം നടത്തിയെതെന്നും പ്രതികള്‍ പറഞ്ഞു. ഈ വാഹനവും പോലീസ് കണ്ടെടുത്തു.
പ്രതികള്‍ മറ്റേതെങ്കിലും വാഹനങ്ങളോ മറ്റോ മോഷണം നടത്തിയിട്ടുണ്ടോ എന്നും മറ്റാരെങ്കിലും മോഷണത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നും വിശദമായി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പന്തീരാങ്കാവ് ഇന്‍സ്പെക്ട്ടര്‍ ഗണേഷ് കുമാര്‍ പറഞ്ഞു.