CrimeNEWS

സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം; 20 വര്‍ഷം കഠിനതടവ് വേറെ

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പേയാട് സ്വദേശി അരുണിന് ജീവപര്യന്തം ശിക്ഷ. ഇതിനു പുറമേ 20 വര്‍ഷം കഠിനതടവും അനുഭവിക്കണം. ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതി പിഴത്തുക ഒടുക്കാന്‍ തയാറാണെങ്കില്‍ സൂര്യഗായത്രിയുടെ മാതാപിതാക്കള്‍ക്കു തുക കൈമാറും. തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവാണ് വിധി പറഞ്ഞത്. പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണു കേസ്.

പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു മാതാപിതാക്കളുടെ കണ്‍മുന്‍പില്‍ വച്ചായിരുന്നു ആക്രമണം.

Signature-ad

2021 ഓഗസ്റ്റ് 31നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പ്രോസിക്യൂഷന്‍ കേസ്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഭിന്നശേഷിക്കാരാണ് സൂര്യയുടെ അച്ഛനും അമ്മയും.

വീടിന്റെ അടുക്കള വാതിലിലൂടെ അകത്തു കടന്ന അരുണ്‍, സൂര്യയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെ ചവിട്ടി താഴെ തള്ളിയിട്ട് മര്‍ദിച്ചു. സൂര്യയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും കുത്തി. സൂര്യയുടെ പിതാവ് ശിവദാസന്റെ നിലവിളിച്ചതോടെ അരുണ്‍ ഓടി. അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അരുണ്‍ സമീപത്തെ മറ്റൊരു വീടിന്റെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. അവിടെനിന്നാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് അരുണിനെ പിടികൂടിയത്.

Back to top button
error: