ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍നിന്ന് 60 പവന് സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്കി. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. സംഭവത്തില്‍ അഭിരാമിപുരം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയില്‍ നടന് രജനീകാന്തിന്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുന്‍പ് മോഷണം നടന്നിരുന്നു.
ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വീട്ടില്‍നിന്നും 60 പവന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നടന്ന മോഷണത്തിലും വീട്ടുജോലിക്കാരെ സംശയിക്കുന്നതായി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു.