തിരുവനന്തപുരം: അരിക്കൊമ്പൻ സമരത്തെ തള്ളി പറയുന്നില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങൾക്ക് സമരം ചെയ്യാൻ അവകാശം ഉണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ എല്ലാം ചെയ്യും, സമരം സർക്കാരിനെതിരെ തിരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇന്നു തന്നെ നിയമപരമായ തുടർ നീക്കങ്ങൾ തുടങ്ങും. ഇന്നലത്തെ കോടതി നടപടി അപ്രതീക്ഷിതമായിരുന്നു. കോടതി നടപടിയാണ് നിലവിലെ സ്ഥിതി സങ്കീർണ്ണമാക്കിയത്. വിദഗ്ദ സമിതി ഉടൻ ഇടുക്കി സന്ദർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയില്‍ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ചിന്നക്കനാലിലും പവർഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ മയക്ക് വെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. അഞ്ചാം തീയതി കേസ് പരിഗണിക്കുന്ന കോടതി ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. അതു വരെ ദൗത്യ സംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും. ആനയെ പിടികൂടി മാറ്റേണ്ട ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിന്‍റെ ശ്രമം.