SportsTRENDING

മലബാര്‍ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക്… പ്രതാപം വീണ്ടെടുത്ത കൊല്‍ക്കത്ത ക്ലബുകള്‍ ഉള്‍പ്പെടെ കോഴിക്കോട്ടേക്ക്

കോഴിക്കോട്: മലബാർ വീണ്ടും ഫുട്ബോൾ ആവേശത്തിലേക്ക്. പ്രതാപം വീണ്ടെടുത്ത കൊൽക്കത്ത ക്ലബുകൾ ഉൾപ്പെടെ നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ടേക്ക് വരികയാണ്. അടുത്തമാസം തുടങ്ങുന്ന സൂപ്പർ കപ്പിലാണ് ഐഎസ്എൽ, ഐ ലീഗ് ടീമുകൾ കോഴിക്കോട്ട് ഏറ്റുമുട്ടുക.

കനത്ത ചൂടിനെ അവഗണിച്ച് ഏപ്രിൽ മൂന്ന് മുതൽ 25 വരെ കോഴിക്കോടും മഞ്ചേരിയിലും ഇനി ഇന്ത്യൻ ഫുട്ബോളിൻറെ വസന്ത കാലം. നാഗ്‌ജിയുടെ പ്രതാപത്തിലേക്കും ആവേശത്തിലേക്കും മലബാറിനെ സൂപ്പർ കപ്പ് നയിക്കും എന്നാണ് പ്രതീക്ഷ. രാജ്യത്തെ ഒട്ടുമിക്ക മികച്ച ക്ലബുകളും സൂപ്പർ കപ്പിൽ മാറ്റുരയ്‌‌ക്കും. ഐഎസ്എൽ, ഐ ലീഗ് ടീമുകൾ നേർക്കുനേർ പോരടിക്കുന്ന ടൂർണമെൻറിൽ 21 പ്രമുഖ ടീമുകൾ പങ്കെടുക്കും. ഫൈനൽ ഉൾപ്പെടെ പതിനാല് മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലും യോഗ്യത റൗണ്ട് ഉൾപ്പെടെ ചില മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. വൈകിട്ട് അഞ്ചരയ്‌‌ക്കും എട്ടരയ്‌ക്കുമായി രണ്ട് മത്സരങ്ങൾ ദിവസവും നടത്തും. സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

Signature-ad

യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന് തുടങ്ങും. ഉദ്ഘാടനം ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും. 2016ൽ സേഠ് നാഗ്‌ജി അന്താരാഷ്ട്ര ഫുട്ബോൾ ടൂർണ്ണമെൻറിന് കോഴിക്കോട് വേദിയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് മികച്ച ക്ലബുകൾ പങ്കെടുക്കുന്ന ഒരു ടൂർണ്ണമെൻറിന് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്. 2022ൽ സന്തോഷ് ട്രോഫിക്ക് പയ്യനാട് സ്റ്റേഡിയം വലിയ ആരാധക പിന്തുണയോടെ വേദിയായിരുന്നു.

Back to top button
error: