തൃശൂര്‍: എക്സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥര്‍ പങ്കുവച്ചെടുക്കുകയും കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്നുമുള്ള പരാതിയില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ഇ. അനീസ് മുഹമദ്, കെ. ശരത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.കെ. സിജ എന്നിവരെ രണ്ടാഴ്ചക്കാലം എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിന് അയക്കും. ഈ മാസം 12നാണ് നടപടികള്‍ക്കാധാരമായ സംഭവങ്ങളുടെ തുടക്കം. അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സംഘം ടാക്സി കാറില്‍ പട്രോളിംഗ് നടത്തുമ്പോള്‍ മൂന്ന് ലിറ്റര്‍ മദ്യവുമായി ഒരാളെ മുല്ലശേരിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു സ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് വ്യക്തമായി.
സ്ത്രീയുടെ വീട് പരിശോധിച്ചപ്പോള്‍ 12 കുപ്പി ബിയര്‍ കണ്ടെടുത്തു. എല്ലാ മദ്യവും ചേര്‍ത്ത് ആദ്യം പിടികൂടിയ ആള്‍ക്കെതിരെ കേസെടുക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. മഹസര്‍ ഒഴികെ എല്ലാരേഖകളും തയ്യാറാക്കി സ്ത്രീയെയും ബന്ധുവിനെയും സാക്ഷിയാക്കുകയും ചെയ്തു. എന്നാല്‍, സ്ത്രീയുടെ ബന്ധു ഇടപെട്ട് കേസ് ഒതുക്കുകയും അതിനായി ഉദ്യോഗസ്ഥര്‍ പണം കൈപറ്റുകയും ചെയ്തതായി ഇന്റലിജന്റ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത മദ്യം ഓഫീസില്‍ കൊണ്ട് വന്ന് പങ്കിട്ടെടുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.
സംഭവം എക്സൈസിന്റെ ഇ.ഐ ആന്‍ഡ് ഐ.ബി വിഭാഗം അറിഞ്ഞെന്ന് സംശയം തോന്നിയതോടെ ഈ മാസം 20ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. സംഭവം ചോര്‍ന്നതിന് പിന്നില്‍ ഡ്രൈവറും ഒരു സിവില്‍ എക്സൈസ് ഉദ്യോഗസ്ഥനുമാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് സംശയം. യോഗത്തില്‍ ഡ്രൈവറെ പേരെടുത്ത് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു.
ഇന്‍സ്പെക്ടര്‍ മദ്യ ലഹരിയിലാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡ്രൈവര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവങ്ങള്‍ പുറത്തുവന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചിട്ടുണ്ട്.