കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിശമന സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തുന്നു. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. കഴിഞ്ഞതവണയുണ്ടായ തീപിടിത്തത്തില്‍ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടര്‍ ഏഴ്.
മാര്‍ച്ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചിരുന്നു. കൊച്ചിയെയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നു.