മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് രോമാഞ്ചം. റിലീസ് ഏറെക്കാലം നീണ്ടുപോയ, എന്നാല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം. ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ 50-ാം ദിനം ആഘോഷിച്ചത് ഇന്നലെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഏപ്രില്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കും.
മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓള് ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. വൈഡ് റിലീസിന്റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുന്ന സിനിമകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്.
രോമാഞ്ചം ഉടൻ വരുന്നു.
Romancham Screaming From 7th of April on #DisneyPlusHotstar#Romancham #RomanchamMovie #RomanchamOnDisneyPlusHotstar #DisneyPlusHotstarMalayalam pic.twitter.com/ZRd68RQzyS
— DisneyPlus Hotstar Malayalam (@DisneyplusHSMal) March 25, 2023
കളക്ഷന്‍ പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 41 കോടി ആണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22.9 കോടിയുമാണ് ചിത്രം ഇതുവരെ നേടിയതെന്ന് വിവിധ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 68 കോടിയാണ്. സമീപകാലത്ത് അപൂര്‍വ്വം മലയാള ചിത്രങ്ങള്‍ക്ക് മാത്രം ഉണ്ടാക്കാന്‍ സാധിച്ച നേട്ടമാണ് ഇത്. എല്ലാം മറന്ന് ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന് ജിത്തു മാധവന് ചിത്രമൊരുക്കിയിരിക്കുന്നത്.