KeralaNEWS

പി.കെ. ശശിക്ക് തിരിച്ചടി; കോളജിലെ നിക്ഷേപം തിരികെ നല്‍കണമെന്ന് കുമരംപുത്തൂര്‍ സഹകരണബാങ്ക്

പാലക്കാട്: കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്ക് തിരിച്ചടി. പികെ ശശി ചെയര്‍മാനായ സഹകരണ കോളജിലെ നിക്ഷേപം തിരിച്ചുനല്‍കണമെന്ന് കുമരംപുത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതിയോഗമാണ് യൂണിവേഴ്‌സല്‍ കോളേജില്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.

1,06,30,000 രൂപയുടെ ഓഹരിയും 25 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവുമാണ് തിരികെ ആവശ്യപ്പെടുന്നത്. തുക പലിശയും ലാഭവിഹിതവും സഹിതം ആവശ്യപ്പെടാനാണ് തീരുമാനം. മണ്ണാര്‍ക്കാട് മേഖലയിലെ സി.പി.എമ്മിനുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Signature-ad

എന്‍. മണികണ്ഠന്‍ പ്രസിഡന്റായ ബാങ്കില്‍ പതിമൂന്ന് ഭരണസമിതി അംഗങ്ങളാണുള്ളത്. ഇതില്‍ ഒമ്പതുപേരാണ് വെള്ളിയാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേര്‍ പങ്കെടുത്തില്ല. കോളേജിലെ 21 കുട്ടികളുടെ പഠനത്തിനായി ബാങ്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് തുടരാമെന്ന് തീരുമാനിച്ചു. അതേസമയം, പുതുതായി സ്‌കോളര്‍ഷിപ്പ് അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. സി.പി.ഐ. അംഗങ്ങള്‍ ഉള്‍പ്പെട്ട ഭരണസമിതി യോഗമാണ് തുക തിരികെ ആവശ്യപ്പെടാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച നടന്ന ഭരണസമിതിയോഗത്തില്‍നിന്ന് വിട്ടുനിന്ന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായും സൂചനയുണ്ട്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എന്‍. മണികണ്ഠന്‍ പറഞ്ഞു. കൂടാതെ, കോളേജിന് നല്‍കിയ നിക്ഷേപം പിന്‍വലിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

മണ്ണാര്‍ക്കാട് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രവര്‍ത്തിക്കുന്നത്. കോളജില്‍ ഏകദേശം 5 കോടി രൂപയുടെ നഷ്ടം നേരിടുന്നതായി 2020-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരുരൂപ പോലും ലാഭം കിട്ടിയിട്ടില്ലെന്നാണ് നിക്ഷേപം തിരികെ ചോദിക്കാന്‍ തീരുമാനമെടുത്ത ബാങ്കിന്റെ നിലപാട്.

 

Back to top button
error: