തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയെന്ന പേരില്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്നിറക്കിവിട്ട വനിതാ കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി ഒളിപ്പിക്കുന്നു. വകുപ്പുതല അന്വേഷണം തുടങ്ങി മൂന്നുദിവസം കഴിഞ്ഞിട്ടും കണ്ടക്ടറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏതാനും കണ്ടക്ടര്‍മാരുടെ ഫോട്ടോ കുട്ടിയെ കാണിച്ചിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥി സംശയം പ്രകടിപ്പിച്ച വനിതാ കണ്ടക്ടറെ ഇന്നലെ വിജിലന്‍സ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബസിലുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍ മാസ്‌ക് വച്ചിരുന്നതായി വിദ്യാര്‍ത്ഥി മൊഴികൊടുത്തു. വനിതാ കണ്ടക്ടറെ ഒഴിവാക്കിയുള്ള തിരിച്ചറിയില്‍ ശ്രമവും അന്വേഷണവുമാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നതെന്നാണ് ആക്ഷേപം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് ഇറക്കിവിട്ടത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച് ഡിപ്പോകളിലെ ബസുകള്‍ മാത്രമാണ് ഈ ഭാഗത്തുകൂടി ഓടുന്നത്. പരാതി ഉണ്ടായ ദിവസം ഇതുവഴി കടന്നുപോയ ബസുകളും ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും നിഷ്പ്രയാസം കണ്ടെത്താനാകും. ഒരോ ഡിപ്പോയില്‍ നിന്നുള്ള ട്രിപ്പ് ഷീറ്റുകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാകും. കൃത്യമായി പരിശോധിച്ചാല്‍ കണ്ടക്ടറെ കണ്ടെത്താമെന്നിരിക്കെ മനഃപൂര്‍വം ഒളിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കണ്ടക്ടറെ കുട്ടി തിരിച്ചറിഞ്ഞാല്‍ മാത്രം നടപടി എടുത്താല്‍ മതിയാകും. ഇല്ലെങ്കില്‍ കേസൊതുക്കാന്‍ കഴിയും. ഈ വഴിക്കുള്ള നീക്കം സജീവമാണ്. കണ്ടക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞുകൊണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരണം ആരംഭിക്കുകയും ചെയ്തു. തൊഴിലാളി സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള വിജിലന്‍സ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. നിക്ഷ്പക്ഷമായ അന്വേഷണമുണ്ടാകില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.