KeralaNEWS

നഗരസഭയില്‍ ബഡ്ജറ്റ് ചര്‍ച്ചയ്ക്ക് മീനും ഇറച്ചിയും ഉള്‍പ്പടെ ഗംഭീരസദ്യ; കഴിച്ച എല്ലാവരും ആശുപത്രിയില്‍!

ആലപ്പുഴ: കായംകുളം നഗരസഭയില്‍ ബഡ്ജറ്റ് ചര്‍യോടനുബന്ധിച്ചു നടന്ന സദ്യ കഴിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ശശികല, വൈസ് ചെയര്‍മാന്‍ ജെ.ആദര്‍ശ്, സെക്രട്ടറി സനില്‍ ശിവന്‍ ഉള്‍പ്പെടെ നിരവധി കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷ്യവിഷബാധ.

ഇന്നലത്തെ ഉച്ചഭക്ഷണമാണ് വിനയായത്. ചോറിനൊപ്പം സാമ്പാറും തോരനും അവിയലും കപ്പയും മീനും ഇറച്ചിയുമായിരുന്നു വിഭവങ്ങള്‍. മീന്‍ കഴിച്ചവര്‍ക്ക് രാത്രിയോടെ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങള്‍ സദ്യയില്‍ പങ്കെടുത്തില്ല. നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ചു. ഫുഡ് സേഫ്ടി അധികൃതര്‍ ഇന്ന് പരിശോധന നടത്തും.

ചെയര്‍പേഴ്‌സണും സെക്രട്ടറിയും അടക്കമുള്ളവര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ലൈസന്‍സ് ഇല്ലാത്ത കാറ്ററിംഗ് ടീമാണ് സദ്യ വിളമ്പിയതെന്ന് ആരോപണമുണ്ട്. കെ.പി റോഡില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് കിഴക്കുവശമുള്ള അനധികൃത ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് മീന്‍ വാങ്ങിയതത്രെ. കായംകുളം നഗരസഭയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അധികൃത ഇറച്ചി, മത്സ്യ സ്റ്റാളുകള്‍ അടച്ചു പൂട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: