ചണ്ഡീഗഡ്: പോലീസിന്റെ കണ്ണുവെട്ടിച്ച് പഞ്ചാബില്‍നിന്ന് രക്ഷപ്പെട്ട ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങും സഹായി പപല്‍പ്രീത് സിങ്ങും ഹരിയാനയില്‍. കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിലെ വീട്ടില്‍ ഇവര്‍ക്ക് അഭയം നല്കിയ സ്ത്രീയെ അറസ്റ്റുചെയ്തു. ഹരിയാനയിലെത്തിയ അമൃത്പാല്‍ ഞായറാഴ്ചയാണ് ബല്‍ജിത്ത് കൗര്‍ എന്നുപേരുള്ള സ്ത്രീയുടെ വീട്ടില്‍ തങ്ങിയത്. ബല്‍ജിത്തിന് അമൃത്പാലിന്റെ സഹായി പപല്‍പ്രീതുമായി രണ്ടുവര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഹരിയാനാ പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പഞ്ചാബ് പോലീസിനു കൈമാറി.
ബല്‍ജിത്ത് കൗറിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബല്‍ജിത്ത് കൗറിന്റെ സഹോദരനാണ് അമൃത്പാലിനെ താമസിപ്പിക്കുന്നുണ്ടെന്ന വിവരം പോലീസിന് കൈമാറിയത്. അമൃത്പാലിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. സ്കൂട്ടറിലാണ് അവര്‍ വന്നത്. വസ്ത്രമൊക്കെ മാറി തലയില്‍ ഒരു തൊപ്പി ധരിച്ചാണ് അമൃത്പാല്‍ എത്തിയത്. മീശ വെട്ടിയിരുന്നു.
അതേസമയം, ബല്‍ജിത്ത് കൗറിന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന അമൃത്പാലിന്‍െ്റ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ചയാണ് ഈ സംഭവമെന്നാണ് സിസി ടിവിയില്‍ കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ള ഷര്‍ട്ടും കടുംനീല ജീന്‍സും ധരിച്ച് മുഖം മറയ്ക്കാന്‍ കുടയും പിടിച്ച് നടക്കുന്ന ഖാലിസ്ഥാനി നേതാവിന്റെ കൈയിലൊരു കവറും കാണാം.
ഷഹബാദില്‍ രണ്ടുദിവസമാണ് തങ്ങിയത്. ലുധിയാനയില്‍നിന്ന് ശഹബാദിലേക്ക് യാത്രചെയ്യാനായി അമൃത്പാല്‍ ഒരു സ്കൂട്ടര്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു.