KeralaNEWS

ഹോട്ടല്‍ ഭക്ഷണം കഴിച്ചയാള്‍ ഛര്‍ദിയും വയറിളക്കവും ബാധിച്ചുമരിച്ചു; രണ്ടുമക്കള്‍ ആശുപത്രിയില്‍

തൃശൂര്‍: ഹോട്ടലില്‍നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചശേഷം ഛര്‍ദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായ ഗൃഹനാഥന്‍ മരിച്ചു. രണ്ട് മക്കള്‍ ആശുപത്രിയിലാണ്. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന്‍ പ്രകാശ(52)നാണ് മരിച്ചത്.

പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും ഇതേ ലക്ഷണങ്ങളോടെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകാശന്‍ ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതാണ് ഹോട്ടലില്‍നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കാന്‍ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്ക് തിരിച്ചുപോയി. വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശനെ താലൂക്ക് ആശുപത്രിയിലെത്തിക്കുംമുമ്പേ മരിക്കുകയായിരുന്നു.

പ്രകാശന്‍ ചില്ലി ചിക്കന്‍ വാങ്ങിയ അഞ്ചങ്ങാടിയിലെ ‘സീ ഫൈവ് കഫേ’ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം, സോസ്, മുളകുപൊടി തുടങ്ങിയവയുടെ സാമ്പിള്‍ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. ഹോട്ടല്‍ അടപ്പിച്ചിട്ടുണ്ട്. പ്രകാശന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ട് വീട്ടിലെത്തിച്ചു. അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രകാശന്‍ രണ്ടു മാസംമുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. സംസ്‌കാരം നടത്തി.

 

Back to top button
error: