ന്യൂഡല്‍ഹി: സായുധ പോരാട്ടം നടത്താനും 2047 ല്‍ രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടതായി ഒ.എം.എ.സലാം ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആരോപിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പ്രകാരമുള്ള വകുപ്പുകള്‍ ഇവര്‍ക്കു മേല്‍ ചുമത്തി. ഇതില്‍ സലാം ഉള്‍പ്പെടെ 12 പേര്‍ സംഘടനയുടെ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ്. സംഘടനയുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്. 59 പേര്‍ പ്രതിപ്പട്ടികയിലുള്ള നാലാമത്തെ കുറ്റപത്രം കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സായുധ പോരാട്ടം ലക്ഷ്യമിട്ട് സ്വന്തം സേന രൂപീകരിക്കാന്‍ സംഘടന ശ്രമിച്ചു. ഇതിനായി മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധ പരിശീലനം നല്‍കി. എതിരാളികളെ വകവരുത്താന്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കി. രാഷ്ട്രീയ, സാമൂഹിക സംഘടനയെന്ന മറവില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ യഥാര്‍ഥ ലക്ഷ്യം രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കി.
സലാമിനു പുറമേ ഇ.എം.അബ്ദുല്‍ റഹ്‌മാന്‍, അനിസ് അഹമ്മദ്, അഫ്‌സര്‍ പാഷ, വി.പി.നാസറുദ്ദീന്‍, ഇ.അബൂബക്കര്‍, പി.കോയ, മുഹമ്മദ് അലി ജിന്ന, അബ്ദുല്‍ വാഹിദ് സേഠ്, എ.എസ്.ഇസ്മായില്‍, മുഹമ്മദ് യൂസഫ്, മുഹമ്മദ് ബഷീര്‍, കെ.പി.ഷഫീര്‍, കെ.പി.ജസീര്‍, ഷാഹിദ് നാസിര്‍, വസീം അഹമ്മദ്, മുഹമ്മദ് ഷാകിഫ്, മുഹമ്മദ് ഫാറൂഖ് റഹ്‌മാന്‍, യാസര്‍ അറാഫത്ത് എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പേരിലുള്ള 77 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേരളമടക്കം 9 സംസ്ഥാനങ്ങളിലായാണ് അക്കൗണ്ടുകളുള്ളത്.