ഇന്ന് ലോക ഉറക്ക ദിനം. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് നല്ല ഉറക്കം പ്രധാനമാണ്. നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. മാര്‍ച്ച് 17 ന് ആഘോഷിക്കുന്ന ലോക ഉറക്ക ദിനത്തില്‍, ഉറക്കവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഉറങ്ങുന്ന സ്ഥാനം ശരീരത്തില്‍ പോസിറ്റീവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ ഉറക്കത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വശം പല രോഗങ്ങളെയും സുഖപ്പെടുത്തും. മോശം ഉറക്കം കഴുത്തിലും തോളിലും പ്രത്യേകിച്ച് നട്ടെല്ലിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് സ്ഥിരമായ നടുവേദനയ്ക്ക് കാരണമാകുകയും ഒരു വ്യക്തിയുടെ ദിനചര്യയെ തടസ്സപ്പെടുത്തുകയും ഒരേസമയം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗുരുഗ്രാമിലെ സി.കെ ബിര്‍ള ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ & പള്‍മണോളജി വിഭാഗം മേധാവി ഡോ കുല്‍ദീപ് കുമാര്‍ ഗ്രോവര്‍ പറയുന്നു. നാം രാത്രി ഉറങ്ങാന്‍ കിടക്കുന്നത് പല പൊസിഷനുകളിലായിരിക്കും. ചിലര്‍ വശം തിരിഞ്ഞു കിടന്നുറങ്ങും, ചിലര്‍ മലര്‍ന്നു കിടന്ന്, ചിലര്‍ കമഴ്ന്നാകും കിടക്കുക. കിടക്കുന്ന ഈ പൊസിഷനുകള്‍ പല തരത്തിലും നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം.
വശം തിരിഞ്ഞാണ് നാം പലരും ഉറങ്ങാറ്. രണ്ടില്‍ മൂന്ന് പേരുടെ ഉറക്ക ശീലവും ഇങ്ങനെയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യത്തിന് ഏറ്റവും ചേര്‍ന്ന ഉറക്ക പൊസിഷനും ഇതു തന്നെയാണ്. വശം തിരിഞ്ഞുറങ്ങുന്നതില്‍ ചില റിസ്കുകളുമുണ്ട്. ഇടതു, വലതു വശങ്ങള്‍ക്ക് ഗുണവും ദോഷവുമുണ്ട്. ഇടതു വശം തിരിഞ്ഞുറങ്ങുന്നത് വയറിന് നല്ലതാണെന്നു വേണം, പറയുവാന്‍. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.
വശം തിരിഞ്ഞുറങ്ങുന്നവര്‍ കട്ടിയുള്ള തലയിണ ഉപയോഗിയ്ക്കുക. ഈ തലയിണ ഷോള്‍ഡര്‍, കഴുത്ത് എന്നീ ഭാഗങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്കുന്ന രീതിയിലാകുന്നത് ഗുണം നല്കുന്ന ഒന്നാണ്. ചെറിയൊരു തലയിണ അരക്കെട്ടിനും മുട്ടിനുമിടയിലുള്ള ഭാഗത്തായി വയ്ക്കുന്നത് നടുവേദന ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കമഴ്ന്നുറക്കവും ചിലര്‍ക്കുള്ള രീതിയാണ്. ഇത് മലര്‍ന്ന് കിടന്നുറങ്ങുന്നവരേക്കാള്‍ കൂര്‍ക്കംവലി കുറയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് നല്ല രീതിയല്ല ഇതെന്നാണ് പറയുന്നത്. സന്ധികള്‍ക്കും മസിലിനുമെല്ലാം ഇതു ദോഷം നല്കുന്ന ഒന്നാണ്. ഇതു കഴുത്തു വേദന, നടുവേദന തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്.
കമഴ്ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ ശ്വാസകോശത്തിന് വികസിക്കാന്‍ മതിയായ ഇടം ലഭിക്കില്ല. ഇത് ഹൈപ്പോപ്ലാസിയയ്ക്ക് കാരണമായേക്കാം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് ഇടയാക്കിയേക്കാം. കമഴ്ന്ന് കിടന്നുറങ്ങുമ്പോള്‍ വയറിലെ പേശികളുടെയും കഴുത്തിലെയും മറ്റ് അനുബന്ധ പേശികളുടെയും ചലനം പരിമിതപ്പെടുകയാണ് ചെയ്യുന്നത്.
2012-ലെ ഒരു പഠനം സൂചിപ്പിക്കുന്നത് നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് ആരോഗ്യകരമായ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന് ഒപ്റ്റിമല്‍ ഓക്സിജന്റെ അളവ് നല്‍കുകയും ചെയ്യും.