KeralaNEWS

കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ്മാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു.

കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കര്‍ദിനാളിന് എതിരായ ഒരു പരാതി സര്‍ക്കാര്‍ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കര്‍ദിനാളിനോട് വിചാരണ നേരിടാന്‍ നിര്‍ദേശിച്ച ഉത്തരവില്‍ പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകള്‍ സുപ്രീം കോടതി റദ്ദാക്കി. തുടര്‍ ഉത്തരവുകളിറക്കിയ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

Back to top button
error: