ഇടുക്കി: വ്യാജ മുദ്രപത്രം തയ്യാറാക്കിയ കേസിൽ സിപിഎം നേതാവിന്റെ മകൻ ഉൾപ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ് പിടികൂടി. നെടുങ്കണ്ടം മുണ്ടിയെരുമ പറമ്പിൽ മുഹമ്മദ് സിയാദ്, കോമ്പയാർ ചിരട്ടവേലിൽ ബിബിൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം മുൻ ഇടുക്കി ജില്ല കമ്മറ്റിയംഗം പിഎംഎം ബഷീറിന്റെ മകനാണ് മുഹമ്മദ് സിയാദ്.
മുഹമ്മദ് സിയാദും ബിബിൻ തോമസും ചേർന്ന് തമിഴ്നാട്ടിലെ കമ്പത്ത് വീട് വാടകയ്ക്കെടുത്ത് വ്യാജ മുദ്രപത്രങ്ങൾ ഉണ്ടാക്കി കേരളത്തിൽ വിറ്റഴിക്കുകയായിരുന്നു. ഇതിന് പുറമേ കള്ളനോട്ട് ഇടപാടുകൾ നടത്തിയിരുന്നതിന്റെ സൂചനകളും തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. കമ്പത്ത് ഏതാനും മാസങ്ങളായി ഇവർ നടത്തിയിരുന്ന ഇടപാടുകൾ സംബന്ധിച്ച് സംശയം തോന്നിയ പൊലീസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെ പതിനെട്ടാം കനാൽ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 5000 രൂപയുടെ നാല് വ്യാജ മുദ്രപത്രങ്ങൾ കണ്ടെത്തി.
താൻ മുണ്ടിയെരുമയിൽ ആധാരമെഴുത്ത് ഓഫീസ് നടത്തുന്നയാളാണെന്നാണ് മുഹമ്മദ് സിയാദ് പോലീസിനോട് പറഞ്ഞത്. മുദ്രപത്രം വ്യാജമാണെന്ന് മനസ്സിലാക്കിയ പോലീസ് കമ്പത്ത് ഇവർ വാടകയ്ക്ക് എടുത്ത വീട്ടിൽ നടത്തിയ പരിശോധനയിൽ 1000 രൂപയുടെ നാലും 100 രൂപയുടെ രണ്ട് മുദ്രപത്രങ്ങളും, മുദ്രപത്രം പ്രിന്റ് ചെയ്യാൻ സൂക്ഷിച്ചിരുന്ന 538 പേപ്പറുകളും, മുദ്രപത്രത്തിൽ പതിക്കാൻ ഉപയോഗിച്ചിരുന്ന മുദ്രയും, ഫോട്ടോസ്റ്റാറ്റ് മെഷനും കണ്ടെത്തി. 500 രൂപയുടെ നോട്ടിന്റെ ഒരു വശം മാത്രം കോപ്പിയെടുത്ത പേപ്പറുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.