കൊച്ചി: എംഡിഎംഎയുമായി ചലച്ചിത്രതാരം അറസ്റ്റില്‍. നടന് നിധിന് ജോസ് ആണ് അസ്റ്റിലായത്. ഇയാള്‍ക്കൊപ്പം എറണാകുളത്ത് മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന സംഘത്തിലെ തലവന്‍ ആശാന് സാബു എന്ന് അറിയപ്പെടുന്ന ഞാറക്കല്‍ സ്വദേശി ശ്യാംകുമാറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും ഇരുവരുടെയും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിധിന്റെ പക്കല്‍ നിന്നും 5.2 ?ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളെ സിനിമലോകത്ത് ‘ചാര്‍ളി’ എന്നാണ് അറിയപ്പെടുന്നത്. വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്നുകടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ആശാന് സാബു. ഇയാളുടെ സംഘത്തില്‍പ്പെട്ട പത്തോളം പേരെ ഒരുമാസത്തിനിടെ പോലീസ് പിടികൂടിയിരുന്നു.
ചലച്ചിത്രതാരത്തെ കൂട്ടുപിടിച്ചാണ് ഇയാള്‍ നഗരത്തില്‍ മയക്കുമരുന്ന് വില്പന വ്യാപിപ്പിച്ചതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടന്റെ സഹായത്തോടെയാണ് വില്‍പ്പന. വ്യാഴാഴ്ച രാത്രി കളമശേരിയിലെ വാടകവീട്ടില്‍ നിന്നാണ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിറ്റതിന്റെ കളക്ഷന്‍ എടുക്കാന്‍ ഇടപ്പള്ളിയില്‍ വ്യാഴാഴ്ച വൈകിട്ട് ഏജന്റുമാരെ കാത്തുനില്‍ക്കുമ്പോഴാണ് ആശാന് സാബുവിനെ പോലീസ് പിടികൂടിയത്.