CrimeNEWS

ഇടുക്കി ശാന്തൻപാറയിൽ തോട്ടം തൊഴിലാളിയെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

ശാന്തന്‍പാറ: ഇടുക്കി ശാന്തൻപാറയിൽ തോട്ടം തൊഴിലാളിയെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. അടുപ്പിൽ തീയൂതുന്ന ഇരുമ്പ് പൈപ്പു കൊണ്ടായിരുന്നു മർദ്ദനം. പന്നിയാർ സ്വദേശി സുധാകരനാണ് പരിക്കേറ്റത്. പന്നിയാർ സ്വദേശിയായ സുധാകരന് സമീപത്തെ തോട്ടം ഉടമയായ പീറ്റർ 9000ത്തോളം രൂപ പണിക്കൂലിയായി നൽകാൻ ഉണ്ടായിരുന്നു. പണം ലഭിക്കാതായതോടെ തോട്ടത്തിലെ ചില പണിയായുധങ്ങൾ സുധാകരൻ എടുത്തു കൊണ്ടു പോയി.

ശാന്തൻപാറ പൊലീസിൽ പരാതിയും നൽകി. സംഭവത്തില്‍ പഞ്ചായത്ത് അംഗമായ നിർമ്മല ദേവി മധ്യസ്ഥം വഹിക്കാൻ എത്തുകയും സുധാകരന് പണം വാങ്ങി നൽകുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇതോടെ പണിയായുധങ്ങൾ സുധാകരന്‍ നിർമ്മലാ ദേവിയെ ഏൽപ്പിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം ഇദ്ദേഹം വീണ്ടും പണം ആവശ്യപ്പെട്ടു. അപ്പോഴാണ് താൻ നിർമ്മല ദേവിയെ ഏൽപ്പിച്ച പണിയായുധങ്ങൾ ഉടമക്ക് കിട്ടിയിട്ടില്ലെന്നറിഞ്ഞത്.

Signature-ad

ഇതേക്കുറിച്ച് ചോദിച്ചതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് അംഗം നിർമ്മലയും ഭർത്താവും വേൽമുരുകനും മറ്റ് മൂന്നു പേരും രാത്രി വീട്ടിൽ അതിക്രമിച്ച് കയറുകയും മർദ്ദിക്കുകയും ചെയ്തതെന്നാണ് സുധാകരൻ പറയുന്നത്. ഇരുമ്പ് കുഴലുകൊണ്ടുളള അടിയേറ്റ് ഇയാളുടെ കൈ ഒടിയുകയും ചെയ്തു. മുഖത്തും കാലിലും പരിക്കേറ്റ സുധാകരൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: