IndiaNEWS

മുഖം മിനുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ; രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍ ഗതാഗതത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളില്‍ സുപ്രധാനമായ ഒന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. നാല് വര്‍ഷമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ പാളത്തിലൂടെ കുതിച്ച് പായുകയാണ്.

അതേസമയം, വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പുതിയ ട്രെയിനുകള്‍ കൂടി നിരത്തിലിറക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. സ്ലീപ്പര്‍ സൗകര്യങ്ങള്‍ അടക്കം പുതിയ ഒട്ടേറെ സൗകര്യങ്ങളുമായാണ് വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങുക എന്നതും മറ്റൊരു പ്രത്യേകതയാണ്.

Signature-ad

നിലവില്‍, ചെന്നൈ, ബംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കാണ്‍പൂര്‍, വാരണാസി, എന്നീ നഗരങ്ങളില്‍ വന്ദേഭാരത് ട്രെയിനുകളുടെ സൗകര്യങ്ങള്‍ ലഭിച്ച് കഴിഞ്ഞു. വരുന്ന മാസങ്ങളില്‍ തന്നെ കൂടുതല്‍ അതിവേഗ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്ദേഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഒന്നാം പാദത്തില്‍ തന്നെ പുറത്തിറക്കുമെന്നാണ് കരുതുന്നത്. അതിന് പുറമെ, പുതിയ ട്രെയിനുകളുടെ നിര്‍മാണത്തിനായി ടാറ്റാ സ്റ്റീലുമായി റെയില്‍വേ മന്ത്രാലയം കരാറും ഒപ്പുവച്ചിട്ടുണ്ട്. ട്രെയിനുകള്‍ക്ക് പുറമെ എല്‍എച്ച്ബി പ്ലാറ്റ്‌ഫോമുകള്‍ക്കുമായുള്ള കരാറിലും ഒപ്പുവച്ചിട്ടുണ്ട്.

പാനലുകള്‍, ചനാലകള്‍, പാളങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് ടാറ്റാ സ്റ്റീലുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കമ്പനിയുടെ സഹകരണത്തില്‍ ഈ വര്‍ഷം രാജ്യത്തെ വേഗതയുള്ള 22 ട്രെയിനുകളാകും നിര്‍മിക്കുക. 2024ന്റെ ആദ്യ പാദത്തിലാണ് ഇന്ത്യന്‍ റെയില്‍വേ വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുക. ഫസ്റ്റ് ക്ലാസ് എസി മുതല്‍ ത്രീ ടയര്‍ എസി വരെയുള്ള കോച്ചുകളുടെ സീറ്റുകള്‍ നിര്‍മിക്കുന്നതും ടാറ്റാ സ്റ്റീല്‍ തന്നെയായിരിക്കും. ഈ പദ്ധതി പ്രകാരം വന്ദേ ഭാരത് കോച്ചുകളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനായി റെയില്‍വേ ഏകദേശം 145 കോടി രൂപയുടെ ടെന്‍ഡര്‍ ടാറ്റ സ്റ്റീലിന് നല്‍കിയിട്ടുണ്ട്.

12 മാസത്തിനുള്ളില്‍ ഇതിന്റെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് റെയില്‍വേ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതിന് പുറമെ, 22 ട്രെയിനുകളുടെ സീറ്റുകളുടെ നിര്‍മാണത്തിനുള്ള കരാറും കമ്പനിക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. പ്രത്യേകമായി നിര്‍മിച്ച സീറ്റുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസിനുപയോഗിച്ചത്. പുറത്തെ കാഴ്ചകള്‍ കാണുന്നതിന് 180 ഡിഗ്രി കറങ്ങാവുന്ന തരത്തിലാണ് ട്രെയിനിന്റെ സീറ്റുകള്‍ ഒരുക്കുന്നത്. അതിന് പുറമെ മറ്റ് സൗകര്യങ്ങളും ട്രെയിനില്‍ ഒരുക്കേണ്ടതുണ്ട്.

ഭാവിയില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അലുമിനിയത്തില്‍ നിര്‍മിക്കുമെന്ന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ ബി ജി മല്ലയ്യ പറഞ്ഞു. ഇതോടെ ഭാരം കുറഞ്ഞ കോച്ചുകള്‍ പുറത്തിറങ്ങാന്‍ സഹായിക്കും. ഇത് ഊര്‍ജ ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീലിനെ അപേക്ഷിച്ച് അലുമിനിയം ഉപയോഗിക്കുന്നതിന്റെ ഗുണം ഭാരക്കുറവാണ്. ചെലവ് അടക്കം കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

Back to top button
error: