IndiaNEWS

വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു, കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും: കെ. കവിത

ദില്ലി: ദില്ലി മദ്യനയ കേസിൽ ഇഡിക്കെതിരെ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു. വീട്ടിൽ വന്നു മൊഴി എടുക്കുന്നതാണ് പതിവെന്നും താൻ ആവശ്യപ്പെട്ടിട്ടും പെട്ടെന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നും കവിത വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

എവിടെ തെരഞ്ഞെടുപ്പ് നടക്കാൻ ഉണ്ടോ, അവിടെ മോദി വരും മുൻപ് ഇഡി വരും എന്ന് കവിത പരിഹസിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആണ് ഇപ്പോഴത്തെ നീക്കങ്ങൾ. മോദി ജനങ്ങളുടെ അടുത്തേക്ക് പോവുകയാണ് വേണ്ടത്. ‘ഞങ്ങൾ പേടിക്കില്ല, പ്രവർത്തനം തുടരും, ബിജെപിയെ തുറന്നു കാട്ടും’. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി തന്നെ വേട്ടയാടുന്നുവെന്നും ഡബിൾ എഞ്ചിൻ സർക്കാരിൻ്റെ ഒരു എഞ്ചിൻ അദാനിയാണെന്നും കവിത പറഞ്ഞു.

Signature-ad

കോൺഗ്രസിനെതിരെയും കവിത പ്രതികരിച്ചു. ദില്ലി മദ്യ നയ കേസിലെ അറസ്റ്റ് അടക്കം നേരത്തെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിൻ്റെ അഹങ്കാരം വെടിയണം. കോൺഗ്രസ് പ്രാദേശിക പാർട്ടിയെ പോലെയായി. അവരില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ല എന്ന് പറയുന്നതിൽ എത്രത്തോളം സത്യമുണ്ട് എന്ന് പരിശോധിക്കണം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം പ്രാദേശിക പാർട്ടികളുടെ മാത്രം ഉത്തരവാദിത്വം അല്ലെന്നും കവിത കൂട്ടിച്ചേർത്തു.

അതേസമയം കവിതയെ ഇഡി ശനിയാഴ്ച ചോദ്യം ചെയ്യും. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണമാവശ്യപ്പെട്ടുള്ള ഉപവാസ സമരത്തിൽ കവിത പങ്കെടുക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കവിത് ഇഡിക്ക് മറുപടി നല്കിയത്. മുൻകൂട്ടി നിശ്ചയിച്ചതാണ് പരിപാടിയെന്നും കവിത വ്യക്തമാക്കിയിരുന്നു.

വനിതാ സംവരണ ബിൽ ഇതുവരെ പാസാക്കാൻ കഴിഞ്ഞിട്ടില്ല. 2014 മുതൽ അധികാരത്തിൽ ഉള്ള ബിജെപി സർക്കാർ ഇതേ കുറിച്ച് മിണ്ടുന്നില്ല. വനിതാ പ്രാതിനിധ്യത്തിൽ ആഗോള തലത്തിൽ 148 ആം സ്ഥാനത്താണ് രാജ്യമെന്നും ഈ വിഷയത്തിൽ കവിത പറഞ്ഞു. എന്നാൽ നാളെ ജന്തർ മന്തറിൽ നടക്കാനിരുന്ന ബിആർഎസ് നേതൃത്വത്തിലുള്ള സമരത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. വേദി മാറ്റാൻ കവിതയോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സമരം സംഘടിപ്പിക്കുമെന്നാണ് കവിതയുടെ നിലപാട്.

Back to top button
error: