‘കരുമേഘങ്കൾ കലൈകിൻട്രന’ ഫസ്റ്റ് ലുക്ക് കമലഹാസൻ റിലീസ് ചെയ്തു !
തമിഴ് സിനിമയിൽ വ്യത്യസ്തങ്ങളും ജീവിത ഗന്ധിയുമായ പ്രമേയങ്ങൾക്ക് ദൃഷ്യാവിഷ്ക്കാരം നൽകി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് ‘അഴകി’ ഫെയിം തങ്കർ ബച്ചാൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നീ പ്രതിഭകളെ പ്രാധാന അഭിനേതാക്കളാക്കി തങ്കർ ബച്ചാൻ ശക്തമായൊരു പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്ക്കാരവുമായി എത്തുകയാണ് ‘കരുമേഘങ്കൾ കലൈകിൻട്രന’ എന്ന സിനിമയിലൂടെ. ഷൂട്ടിംഗ് പൂർത്തിയായ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഉലക നായകൻ കമലഹാസൻ റിലീസ് ചെയ്തു.
‘കരുമേഘങ്കൾ കലൈകിൻട്രന’ തമിഴ് സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്ന ഒരു പ്രധാന സൃഷ്ടിയായിരിക്കും എന്ന് ചടങ്ങിൽ പങ്കെടുത്ത ഭാരതിരാജ കമല ഹാസനോട് പറഞ്ഞൂ. കഥയിലും തിരക്കഥയിലും തങ്കർ ബച്ചാൻ്റെ അർപ്പണ മനോഭാവത്തോടെയുള്ള സമീപനമാണ് ആരോഗ്യം പോലും വക വെക്കാതെ തനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ പ്രേരണ നൽകിയത് എന്നും അദ്ദേഹംകൂട്ടി ചേർത്തു. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാരതിരാജയാണ്.
” നമ്മുടെ സിനിമയുടെ അഭിമാനമായ ഭാരതിരാജ ഒരു സിനിമയെ ഇത്രത്തോളം പ്രശംസിച്ച് ഞാൻ കണ്ടിട്ടില്ല. അടുത്ത കാലത്തായി എന്നോട് സംസാരിക്കുമ്പോഴൊക്കെ ‘കരുമേഘങ്കൾകലൈകിൻട്രന’ എന്ന ഈ സിനിമയെക്കുറിച്ച് പറയും. ഈ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ ശേഷം മാത്രമേ തനിക്ക് വിശ്രമമുള്ളൂ എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എത്രയും വേഗം സിനിമ കാണാനുള്ള ആകാംഷയിലാണ് ഞാനും… ” എന്ന് പറഞ്ഞു കൊണ്ട് തങ്കർ ബച്ചാന് ഭാവുകങ്ങൾ നേർന്നു കമലഹാസൻ.
‘കരുമേഘങ്കൾ കലൈകിൻട്രന’യുടെ അണിയറയിൽ ഒട്ടേറെ പ്രഗത്ഭർ അണി നിരക്കുന്നുണ്ട്. സംവിധായകൻ എസ്. എ ചന്ദ്രശേഖർ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നു. മഹാന, സഞ്ജീവി, സംവിധായകൻ ആർ. വി ഉദയ കുമാർ, പിരമിഡ് നടരാജൻ, ഡൽഹി ഗണേഷ് എന്നീ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഏകാമ്പരമാണ് ക്യാമറാമാൻ, ബി.ലെനിൻ എഡിറ്റിംഗ്. കവി വൈരമുത്തുവും സംഗീത സംവിധായകൻ ജീ. വി. പ്രകാശ് കുമാറും ചേർന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. വാവ്വ് മീഡിയയുടെ ബാനറിൽ ഡി. ദുരൈ വീര ശക്തിയാണ് ചിത്രം നിർമ്മിക്കുന്നത്.
സി. കെ അജയ് കുമാർ, പി ആർ ഒ