Health

‘നൻ പകൽ നേരത്തെ ചെറുമയക്കം,’ ഗുണങ്ങൾ ഏറെയെന്ന് വൈദ്യശാസ്ത്രം

  പലരും ഉച്ചമയക്കത്തെ അലസതയുടെയും മടിയുടെയും ലക്ഷണമായാണ് കാണുന്നത്. കുഞ്ഞുങ്ങളും പ്രായമേറിയവരും മാത്രം  ഉച്ചയ്ക്കു മയങ്ങിയാൽ മതി എന്നാണ് അവരുടെ പക്ഷം. എന്തായാലും ‘നൻ പകൽ നേരത്തെ ചെറുമയക്കം’ കൂടുതൽ ഉന്മേഷത്തോടെയും ഉണർവോടെയും  പിന്നീടു ജോലികളിൽ വ്യാപൃതരാകാൻ സഹായിക്കും.

ഈ ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതു മുതല്‍ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് ലഘുനിദ്ര അഥവാ ‘പവര്‍ നാപ്പി’ന്റെ ഗുണങ്ങള്‍. പകല്‍ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ചൊരു സമയമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവര്‍ക്ക് യോജിച്ച സമയത്ത് ചെറുമയക്കം  ആവാം. ഉദാഹരണത്തിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആള്‍ക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് ചെറുമയക്കം എടുക്കാം. ഉച്ചയ്ക്ക് 12.30 നും 2 മണിക്കും ഇടയ്ക്കുള്ള സമയമാകും നല്ലത്. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈകിട്ട് 4 മണിക്കുശേഷം ചെറുമയക്കം എടുക്കുന്നത് ആരോഗ്യകരമല്ല. കാരണം പകല്‍ വൈകി മയങ്ങുന്നത് രാത്രിയിലെ ഉറക്കത്തെയും ‘സര്‍ക്കാഡിയന്‍ റിഥ’ത്തെയും ബാധിക്കും. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും രാത്രി ജോലി ചെയ്യുന്നവര്‍ക്കും നേരത്തെയോ വൈകിയോ ലഘു നിദ്രയാകാം.

ചെറുമയക്കം ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഇത് ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. നന്നായി ഉറങ്ങുന്നത് ആളുകളെ സന്തോഷം ഉള്ളവരും ആരോഗ്യമുള്ളവരും ആക്കി മാറ്റും. ശരാശരി ഒരു മനുഷ്യന് രാത്രി 8 മണിക്കൂറിലും കുറവ് ഉറക്കമാണ് ലഭിക്കുന്നത്. ഓരോ വ്യക്തിക്കും ആവശ്യമായ ഉറക്കസമയവും വ്യത്യാസപ്പെട്ടിരിക്കും. 18 നും 60 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് കുറഞ്ഞത് 7 മണിക്കൂര്‍ ഉറക്കം ലഭിച്ചാല്‍ മതിയാകും. ഇത് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവനും മാനസികമായി വ്യക്തത വരുകയും ചെയ്യും. വേണ്ടത്ര ഉറക്കം ലഭിക്കാത്ത ആളുകള്‍, അതായത് രണ്ടാഴ്ചയോ അതിലധികമോ ആയി ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത ആളുകള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടും. ഇങ്ങനെയുള്ളവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, വിഷാദം തുടങ്ങിയവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

ഓർമ ശക്തി മെച്ചപ്പെടുത്താനും  ഉണർവോടെയും ഉന്മേഷത്തോടെയും ഏകാഗ്രതയോടെയും ജോലിയിൽ മുഴുകാനും ഉച്ചമയക്കം  സഹായിക്കും.  പ്രായമേറിയവർ ഉച്ചമയക്കം  കഴിഞ്ഞ് വൈകിട്ട്  അരമണിക്കൂർ ലഘുവ്യായാമങ്ങളിൽ  ഏർപ്പെടണം.  നടക്കാൻ പോയാൽ മതി. രാത്രിയിൽ നല്ല ഉറക്കം കിട്ടും. രാത്രിയിൽ ഏറെ നേരം ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്നവർക്കും ഷിഫ്റ്റ് ജോലിക്കാർക്കും ഉച്ചമയക്കം ആവശ്യമാണ്.

ഉച്ചമയക്കം ഉറക്കമാകരുത്

ഉച്ചമയക്കം നീണ്ട് ഉറക്കമാകുമ്പോൾ രണ്ടാണ്  പ്രശ്നം. എണീക്കുമ്പോൾ ഉന്മേഷത്തിനു പകരം ക്ഷീണവും മന്ദതയും അനുഭവപ്പെടും. പെട്ടെന്നു ജോലിയിലേക്കു മടങ്ങി വരാൻ കഴി ഞ്ഞെന്നു വരില്ല. മറ്റൊന്ന് ഉച്ചമയക്കം കൂടുതലായാൽ അത് രാത്രി ഉറക്കത്തെ ബാധിക്കും.  പ്രത്യേകിച്ച് ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങളുള്ളവർക്ക് പകലത്തെ ഉറക്കം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഉച്ചയ്ക്ക് ഉറങ്ങിയാൽ അത് ബാധിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ആഴമുള്ള ഘട്ടങ്ങളെയാണ്. ഇവരുടെ രാത്രി ഉറക്കം ഇടയ്ക്കിടെ ഉണർന്നു പോകുന്ന തരത്തിലുള്ള ദുർബല നിദ്രയായിരിക്കും.

ഉച്ചമയക്കം എത്ര നേരമാകാം

ഉച്ചമയക്കം 10- 15 മിനിറ്റ് മാത്രമായി മിതപ്പെടുത്തണം. പ്രായമേറിയവർക്കും കുഞ്ഞുങ്ങൾക്കും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാകാം ഉച്ചമയക്കം. ഭക്ഷണശേഷം  രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള സമയമാണ് ഉച്ചമയക്കത്തിന് ഏറ്റവും നല്ലത്. രാത്രി ഉറങ്ങാൻ പോകുന്നതിനു നാലു മണിക്കൂർ മുൻപ് മുതൽ ഉണർവും ഉന്മേഷവും ഉള്ള അവസ്ഥയിലായിരിക്കണം. എങ്കിലേ  രാത്രിയിൽ നല്ല ഉറക്കം  ലഭിക്കൂ എന്ന്  മനസ്സിലാക്കുക.

ഉച്ചമയക്കം ഒഴിവാക്കണോ?

ഉച്ചകഴിഞ്ഞ് ക്ലാസുള്ള വിദ്യാത്ഥികൾക്കും ഓഫിസ് ജീവനക്കാർക്കും ഉച്ചമയക്കം പറ്റിയെന്നു വരില്ല. ഉച്ചയ്ക്കു മയങ്ങിയാൽ രാത്രിയിൽ ഉറക്കം കിട്ടാത്തവരും ഉച്ചമയക്കം ഒഴിവാക്കണം. മയക്കം തോന്നുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകി ഒരു ഗ്ലാസ് വെള്ളം കുടിക്കുക.  അൽപനേരം സുഹൃത്തുക്കളോടൊത്ത് സംസാരിച്ചിരിക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യുക.  മയക്കം വിട്ടകലും. വെറുതെ ഇരിക്കാതെ പുറത്തിറങ്ങി അൽപം നടക്കുകയോ ചെറിയ ജോലികളിൽ  വ്യാപൃതരാകുകയോ ചെയ്യുക. മയക്കം വിട്ടകന്ന് ഉണർവോടെ ജോലിയിലേക്കു തിരിച്ചെത്താം.

Back to top button
error: