CrimeNEWS

അധ്യാപികയുടെ മൊബൈല്‍ മോഷ്ടിച്ച് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശം; പരാതിക്കാരിയുടെ സസ്പെന്‍ഷനില്‍ പ്രതിരോധത്തിലായി സി.പി.എം

കൊല്ലം: സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീലസന്ദേശമയച്ച സംഭവത്തില്‍ പരാതിക്കാരിയായ അധ്യാപികയെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തത് സി.പി.എമ്മില്‍ പുതിയ വിവാദത്തിനു കാരണമായി.

അന്തരിച്ച മുതിര്‍ന്ന നേതാവ് ഇ.കാസിമിന്റെ മകളും ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപികയുമായ കെ.എസ്. സോയയുടെ ഫോണ്‍ സ്‌കൂളിലെ സ്റ്റാഫ് റൂമില്‍നിന്ന് ഫെബ്രുവരി ഏഴിനാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് സിം ബ്ലോക്ക് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം സ്‌കൂളിലെ അധ്യാപകരായ പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

അധ്യാപികയുടെ ഫോണ്‍ കവര്‍ന്നു, ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശം; അധ്യാപകര്‍ക്കെതിരേ നടപടി

Signature-ad

പ്രതികളായ അധ്യാപകരെ സ്‌കൂളില്‍ ഹാജരാകാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത മാനേജ്‌മെന്റ് പരാതിക്കാരിയായ കെ.എസ്.സോയയെയും അധ്യാപകനായ സി.എസ്.പ്രദീപിനെയും കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ അച്ചടക്കലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്തു. ഈ നടപടിയാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്. കേസ് ഒതുക്കിത്തീര്‍ക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശം അംഗീകരിക്കാത്തതിനാലാണ് പരാതിക്കാരിയായ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

കെ.എസ്.ടി.എ. ചവറ ഉപജില്ലാ ജോയന്റ് സെക്രട്ടറിയും എസ്.എഫ്.ഐ. മുന്‍ ജില്ലാ ജോയന്റ് സെക്രട്ടറിയുമായ സി.എസ്.പ്രദീപിനോട് സ്‌കൂളിന്റെ ചുമതലയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനുള്ള വിരോധമാണ് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന് കാരണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.

Back to top button
error: