ബംഗളൂരു: നഗരത്തില്‍ 44 വയസ്സുകാരനായ വ്യവസായി കൊല്ലപ്പെട്ടത് സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കത്തെ തുടര്‍ന്നെന്നു സൂചന. പരസ്യം പ്രിന്റ് ചെയ്യുന്ന ഏജന്‍സി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ(44) ഫെബ്രുവരി 28നു പുലര്‍ച്ചെ നായണ്ടഹള്ളിയില്‍ പുതുതായി നിര്‍മിച്ച വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാന് (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന വിവരം പുറത്തുവരുന്നത്.
ലിയാക്കത്തും ഇല്യാസും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെജെ നഗറിലെ നിര്‍മാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകള്‍ ആരംഭിച്ചതോടെ ലിയാക്കത്തുമായി തര്‍ക്കമുണ്ടായെന്നാണ് പോലീസ് ഭാഷ്യം. ഇതിന്റെ തുടര്‍ച്ചയായി 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസ്, വാക്കേറ്റത്തിനൊടുവില്‍ ലിയാക്കത്തിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം സ്വന്തം വീട്ടിലെത്തി അമിത അളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ:
കൊല്ലപ്പെട്ട ലിയാക്കത്തും ഇല്യാസും ജിമ്മില്‍വച്ചാണ് കണ്ടുമുട്ടിയത്. ഇരുവരും മൂന്നു വര്‍ഷത്തിലേറെയായി അടുപ്പത്തിലാണ്. എന്നാല്‍, കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇല്യാസിന്റെ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതു സംബന്ധിച്ച് ലിയാക്കത്തും ഇല്യാസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഫെബ്രുവരി 27ന് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഇല്യാസ് രാത്രി പത്തരയോടെയാണ് തിരിച്ചെത്തിയത്. തനിക്ക് വയറു വേദന അനുഭവപ്പെടുന്നതായി പിതാവിനോട് പറയുകയും ഗുളികയുമായി മുറിയിലേക്ക് പോകുകയും ചെയ്തു.
പിറ്റേന്ന് രാവിലെ, വേദന കൊണ്ട് പുളയുന്ന മകനെ കണ്ട പിതാവ് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നു മനസ്സിലാക്കി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ലിയാക്കത്തിനൊപ്പമാണ് ഇല്യാസ് കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നതെന്ന് ഇല്യാസിന്റെ പിതാവ് പോലീസിനോടു പറഞ്ഞു. ലിയാക്കത്തിന്റെ 17 വയസ്സുള്ള മകന് നല്കിയ പരാതിയില്‍ മൂന്നു പേരെ സംശയമുള്ളതായി വ്യക്തമാക്കിയിരുന്നു. ഇതിലൊരാള്‍ ഇല്യാസാണ്. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായ ശേഷം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.