ദില്ലിയിൽ അടുത്തിടെ പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. പനിയും ചുമയുമാണ് അധികപേരിലും കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണമെന്ന് വിദഗ്ധർ പറയുന്നു. ഇത് ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 വൈറസ് ബാധമൂലമുണ്ടാകുന്നതാണ്. ‘പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും താപനില കടുത്ത തണുപ്പിൽ നിന്ന് ചൂടിലേക്ക് മാറുന്നതുമാണ് പനി കേസുകൾ കൂടുന്നതിനുള്ള കാരണങ്ങൾ…’ – ദില്ലിയിലെ ചാണക്യപുരിയിലെ പ്രൈമസ് ഹോസ്പിറ്റലിലെ പൾമണറി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. എസ്‌കെ ഛബ്ര പറഞ്ഞു.
വൈറൽ രോഗങ്ങൾ ബാധിച്ച രോഗികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മലിനീകരണവും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രായമായവരും കുട്ടികളും ഗർഭിണികളിലുമാണ് അണുബാധ കൂടുതലായി ബാധിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശ്വസന ലക്ഷണങ്ങളും ശരീരവേദന, ഓക്കാനം അല്ലെങ്കിൽ വയറിളക്കം എന്നിവയുൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളും H3N2 വൈറസിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്.
‘ആസ്തമ രോഗികളെ കൂടാതെ, ഗുരുതരമായ ശ്വാസകോശ അണുബാധയുള്ളവരും ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവരുമായ നിരവധി വ്യക്തികളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രോഗികൾക്ക് സമാനമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ആസ്ത്മ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾ അത്തരം കാലാവസ്ഥാ വ്യതിയാനങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം…’ – ഡോ എസ് കെ ഛബ്ര കൂട്ടിച്ചേർത്തു.
H3N2 വൈറസ് ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒസെൽറ്റാമിവിർ, സനാമിവിർ, പെരാമിവിർ, ബലോക്‌സാവിർ എന്നിവ ഉപയോഗിച്ച് ചികിത്സിക്കാം. ഡോക്ടർ നിങ്ങൾക്ക് ആൻറിവൈറൽ മരുന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം നിങ്ങൾ അത് കഴിക്കണമെമന്ന് വിദഗ്ദ്ധൻ കൂട്ടിച്ചേർത്തു.
എച്ച്3എൻ2 വൈറസ് ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട ചില മുൻകരുതൽ…
- പതിവായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
- മസ്ക് ധരിക്കുക
- ആളുകൂടുന്ന ഇടങ്ങൾ ഒഴിവാക്കുക
- മൂക്കും വായയും തൊടുന്നത് ഒഴിവാക്കുക
- ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും വൃത്തിയായി മറച്ചു പിടിക്കുക
- ധാരാളം വെള്ളം കുടിക്കുക.
രാജ്യത്ത് വർധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണം ഇൻഫ്ലുവൻസയാണെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെയാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നത്.
50 വയസ്സിന് മുകളിലും 15 വയസ്സിന് താഴെയുമുള്ളവരിലാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമായി ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണ്ടെത്തിയിരുന്നു.