ബ്രഹ്മപുരത്തെ തീ വൈകിട്ടോടെ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പി രാജീവ്, മാലിന്യനീക്കം പുനരാരംഭിക്കാന്‍ പ്രത്യേക സംവിധാനം
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വൈകിട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചേക്കുമെന്ന് പറഞ്ഞ മന്ത്രി ബ്രഹ്മപുരത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്കു രൂപം നല്‍കുമെന്നും അറിയിച്ചു.
മാലിന്യനീക്കം പുനരാരംഭിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബ്രഹ്മപുരത്തേയും സമീപത്തേയും ജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ല. ആസ്മ രോഗബാധിതര്‍ മാത്രം പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ബ്രഹ്മപുരത്തു നിന്നുള്ള പുക ശ്വസിച്ചു കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുക ശ്വസിച്ച് ആര്‍ക്കെങ്കിലും അസുഖങ്ങള്‍ ഉണ്ടായാല്‍ ചികിത്സയ്ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളില്‍ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകളും സജ്ജമാക്കി. ബ്രഹ്മപുരത്ത് രണ്ട് ഓക്സിജന്‍ പാര്‍ലറുകള്‍ ഒരുക്കി. ബ്രഹ്മപുരത്തിനു തൊട്ടടുത്തുള്ള വടവുകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അടുത്ത ഒരാഴ്ച മുഴുവന്‍ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കും. എല്ലാവരും മാസ്ക് ധരിക്കണം. എന്‍95 മാസ്ക് ധരിക്കുന്നതാണു നല്ലത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.