KeralaNEWS

കൊച്ചിയില്‍ കനത്ത പുക, വൈറ്റിലയിലും കലൂരിലും കാഴ്ച മങ്ങി; ബ്രഹ്‌മപുരത്ത് തീയണയ്ക്കാന്‍ ശ്രമം തുരുന്നു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. നഗരത്തിലെ വൈറ്റില, കടവന്ത്ര, കലൂര്‍, ഇന്‍ഫ്രാപാര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ പുക മൂടിയിരിക്കുകയാണ്. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്സിനെ സഹായിക്കാന്‍ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് ആരംഭിച്ച തീപിടിത്തം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തീ അനിയന്ത്രിതമായി. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടര്‍ന്നു. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. ഇവരുടെ ശ്രമത്തിനിടയിലും തീ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നു.

Signature-ad

കാറ്റിന്റെ ദിശ അനുസരിച്ച് തീ കൂടുതല്‍ പടര്‍ന്നു. ബ്രഹ്‌മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായി. കോര്‍പ്പറേഷന്റെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു. മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിലുണ്ടായിരുന്ന നൂറോളം തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

പ്രദേശങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. കിലോമീറ്ററുകള്‍ അകലെ വരെ പുക ഉയരുന്നുണ്ട്. ഏക്കര്‍ കണക്കിന് പ്രദേശത്താണ് പ്രളയ മാലിന്യങ്ങള്‍ ഉള്‍പ്പെടെ ലോഡ് കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഇതിന്റെ നാല് വശവും കത്തിപ്പിടിച്ചതോടെ അഗ്നിരക്ഷാ സേനയ്ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയായി. വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഒരു സംവിധാനവും അവിടെ ഒരുക്കിയിട്ടില്ല. അതിനാല്‍ ഓസ് വലിച്ചാണ് അഗ്നിരക്ഷാ സേന വെള്ളം ചീറ്റിക്കുന്നത്.

മേയറുടെ അഭ്യര്‍ഥന പ്രകാരം ബ്രഹ്‌മപുരത്ത് നേവി ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. കലക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം മേയര്‍, സതേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഹംപി ഹോളിയുമായി ബന്ധപ്പെട്ടു. സതേണ്‍ നേവല്‍ കമാന്‍ഡില്‍നിന്നുള്ള ഹെലികോപ്റ്റര്‍ ബ്രഹ്‌മപുരത്ത് രംഗനിരീക്ഷണം നടത്തി. നേവിയുടെ ഒരു സ്‌ക്വാഡും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

 

 

Back to top button
error: