Food

ബുദ്ധിക്കും ശക്തിക്കും ശരീരവളർച്ചയ്ക്കും ഉതകുന്ന പോഷകങ്ങ‌ൾ നിറഞ്ഞ ഭക്ഷണങ്ങൾ

ഡോ.വേണു തോന്നയ്ക്കൽ

  കയ്യിൽ കിട്ടുന്നതെന്തും വാരിവലിച്ച് കഴിച്ചിട്ട് പ്രയോജനമില്ല. നമ്മുടെ ശരീര വളർച്ചയ്ക്കും ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും വേണ്ട പോഷക ഘടകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. മാംസ്യം, കൊഴുപ്പുകൾ, അന്നജം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയാണ് ഇതിനാവശ്യമായ പോഷക ഘടകങ്ങൾ.
മാംസ്യം അഥവാ പ്രോട്ടീനാണ് ശരീര നിർമ്മിതിയുടെ അടിസ്ഥാനം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത്. ഭക്ഷണം സസ്യജന്യമോ സസ്യേതരമോ ആവാം.

Signature-ad

കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പ്രോട്ടീനുകൾ അതേപടി ശരീരം ഉൾക്കൊള്ളുകയല്ല ചെയ്യുക. ഭക്ഷണത്തിലെ പ്രോട്ടീൻ ആമാശയത്തിൽ വച്ച് ഹൈഡ്രോക്ലോറിക് ആസിഡ്, ദഹനരസം, പ്രോട്ടിയെസ് എന്നിവയുടെ സഹായത്താൽ അമീനൊ ആസിഡ് (Amino acid) അഥവ അമീനൊ അമ്ലങ്ങൾ ആയി വിഘടിക്കുന്നു.
ഇപ്രകാരമുണ്ടാവുന്ന അമീനാമ്ലങ്ങൾ ഒറ്റയ്ക്കോ ചെറിയ ചെയിനുകളായോ ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെടുന്നു. ആ അമീനാമ്ലങ്ങൾ പിന്നെയും പ്രോട്ടീനായി മാറുകയും ശരീര വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
ഒരു അമീനൊ ഗ്രൂപ്പും ഒരു ആസിഡ് ഗ്രൂപ്പും കാർബൺ ശൃംഗലയിൽ ബന്ധിക്കപ്പെട്ട ഒരു തന്മാത്രയാണ് അമിനോ ആസിഡ്. ഇരുപതിലേറെ അമീനൊ ആസിഡുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടീൻ തന്മാത്രയുടെ അടിസ്ഥാന യൂണിറ്റ് ആണ് അമീനൊ ആസിഡ്.
ജീവൻ്റെ അടിസ്ഥാന ഘടകങ്ങളാണ് മാംസ്യ(പ്രോട്ടീൻ)തൻമാത്രകളും അമീനാമ്ലങ്ങളും. ഈ ജൈവ പ്രകൃതിയിൽ പതിനായിരത്തിലേറെ മാംസ്യ തന്മാത്രകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇരുപതിനായിരത്തോളം പ്രോട്ടീൻ തന്മാത്രകളുണ്ട് എന്ന ശാസ്ത്ര വാദവും നിലനിൽക്കുന്നു.
ഇത്രയേറെ പ്രോട്ടീൻ തന്മാത്രകൾ ഉത്പാദിപ്പിക്കുന്നത് ഈ 20 തരം അമീനാമ്ലങ്ങളെ വിവിധ ശ്രേണിയിൽ ഘടിപ്പിച്ചാണ്. ആ ജോലി നിയന്ത്രിക്കുന്നത് കോശ മർമ്മത്തിലെ ജനിതക ഘടകങ്ങളാണ്.
ഇരുപത് തരം അമീനാമ്ലങ്ങൾ ഉണ്ട് എന്ന് പറഞ്ഞുവല്ലോ. അതിൽ അലനിൻ(alanine), ആർജിനിൻ(arginine), അസ്പാർട്ടിക് ആസിഡ്(aspartic acid), ഗ്ലൂട്ടമീൻ (glutamine), സിസ്‌റ്റീൻ (cysteine), ഗ്ലൂട്ടമീക് ആസിഡ് (glutamic acid), പ്രോലീൻ (proline), ടൈറോസീൻ (tyrosine) തുടങ്ങിയ പതിനൊന്നിനം ഭക്ഷണത്തിൽ നിന്നും ലഭിക്കുമെങ്കിലും ശരീരം ഉല്പാദിപ്പിക്കുന്നു. ഇവയാണ് നോൺ എസെൻഷ്യൽ അമീനാമ്ലങ്ങൾ.
ഹിസ്റ്റിഡീൻ(histidine), ഐസോലൂസീൻ (isoleucine), ലൂസീൻ (leucine), ലൈസീൻ(lysine), മെതിയോനിൻ (methionine), ഫിനൈൽഅലനിൻ (phenylalanine), ട്രിപ്ടൊഫാൻ(tryptophan), വാലിൻ(valine), ത്രിയൊനിൻ (threonine) തുടങ്ങിയ ഒൻപത് തരം അമീനാമ്ലങ്ങൾ ഭക്ഷണങ്ങളിൽ നിന്നും മാത്രം ലഭ്യമാക്കേണ്ടതാണ്. ഇവയാണ് എസെൻഷ്യൽ അമീനൊ ആസിഡുകൾ. ഈ ഒമ്പത് തരം അമീനാമ്ലങ്ങൾ ഉള്ള പ്രോട്ടീനുകൾ ആണ് കബ്ലീറ്റ് പ്രോട്ടീനുകൾ(complete proteins).
ഇറച്ചി, മത്സ്യം, മുട്ട, പാൽ, തുടങ്ങിയ ഭക്ഷണങ്ങൾ സംപൂർണ മാംസ്യ വിഭവങ്ങൾ ആണ്. സസ്യ- മാംസ്യ വിഭവങ്ങളിൽ എല്ലാ എസൻഷ്യൽ അമീനാമ്ലങ്ങളും ഇല്ല. അതിനാൽ അവ അപൂർണ്ണ മാംസ്യവിഭവങ്ങളാണ്.
എന്നാൽ നാം കിനോവ എന്നു വിളിക്കുന്ന ക്വീൻവ(quinoa), സ്പൈറുലിന(spirulina), സോയാബീൻ, ബക് വീറ്റ്(buck wheat), തിന, കൂവരക്, കീര തുടങ്ങിയ വിവിധതരം ഇലക്കറികളായ സസ്യ വിഭവങ്ങളും കംപ്ലീറ്റ് പ്രോട്ടീൻ വിഭാഗത്തിൽപ്പെടുന്നു.
കൂവരവ് നാം കുട്ടികൾക്ക് നൽകുന്ന ഒരു പ്രധാന പോഷക ഭക്ഷണമാണ്. സ്പൈറുലിന (spiralina) ഒരു ബ്ലൂ ഗ്രീൻ ആൽഗ(blue green algae) ആണ്. ഇത് കടൽ ജലത്തിലും ശുദ്ധജലത്തിലും വളരുന്നു.
ഇപ്പറഞ്ഞ സസ്യ വിഭവങ്ങൾ പരിപൂർണ്ണ സസ്യഭോജികളിൽ എത്രപേർക്ക് നിത്യേന കഴിക്കാനാകും. അക്കൂട്ടരിൽ എസെൻഷ്യൽ അമീനൊ ആസിഡിന്റെ കുറവ് ഉണ്ടാവും. അത് ശരീരത്തിന്റെ വളർച്ചയെയും ആരോഗ്യകരമായ ശാരീരിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുകയും പോഷകക്കുറവ് മൂലമുള്ള രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു.
അതിനാൽ നന്നായിട്ടുള്ള സമീകൃത ആഹാരം(well balanced diet) അത്തരക്കാർ കഴിക്കേണ്ടതാണ്. തൻമൂലം ശരീരത്തിന് വേണ്ടത്ര എസൻഷ്യൽ അമിനാമ്ലങ്ങൾ ലഭ്യമാക്കാനാവും.
ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ അപൂർണ്ണ മാംസ്യ വിഭവങ്ങളാണ്. എന്നാൽ ഇവ രണ്ടോ അതിലധികമോ ലഭ്യത അനുസരിച്ച് ഒരു ഡയറ്റിൽ ഉൾപ്പെടുത്തി വേണ്ടത്ര എസൻഷ്യൽ അമിനാമ്ലങ്ങൾ ലഭ്യമാക്കാനാൻ ശ്രമിക്കാവുന്നതാണ്.

Back to top button
error: