ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ മഹോത്സവം മാര്‍ച്ച് 3 മുതല്‍ 10 വരെ വിവിധ പരിപാടികളോട നടക്കുമെന്ന് പ്രസിഡന്റ് അഡ്വ. കെ സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3ന് രാത്രി 9.55 ന് തൃക്കൊടിയേറ്റിന് പരവൂര്‍ ബ്രഹ്‌മശ്രീ രാകേഷ് തന്ത്രികള്‍ കാര്‍മികത്വം വഹിക്കും.
അത്താഴപൂജക്ക് ശേഷം കരിമരുന്ന് പ്രയോഗവുമുണ്ടാകും. 11.15ന് എഴുന്നള്ളത്ത്. 4ന് വൈകുന്നേരം ഏഴു മണിക്ക് ശിവഗിരി മഠത്തിലെ ഗുരുപ്രസാദ് സ്വാമികളുടെ അധ്യക്ഷതയില്‍ ‘ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവികത’ എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സ്പീക്കർ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
ഡോ. എംപി അബ്ദുസമദ് സമദാനി എം.പി മുഖ്യഭാഷണം നടത്തും. 9.30 ന് മെഗാഷോ ബംബര്‍ ആഘോഷരാവ്. 5ന് വൈകുന്നേരം ഏഴുമണിക്ക് അഡ്വ.കെ അജിത്കുമാറിന്റെ അധ്യക്ഷതയില്‍ ‘ശ്രീനാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത’ എന്ന വിഷയത്തില്‍ കെ മുരളിധരന്‍ എം.പി സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. കെവി മനോജ് കുമാര്‍ മുഖ്യാതിഥിയാവും. ഡോ. ബി അശോക് ഐഎഎസ്, അരയാക്കണ്ടി സന്തോഷ് എന്നിവർ പ്രഭാഷണം നടത്തും. 9.30 ന് ഫ്ലവേര്‍സ് ടോപ് സിംഗര്‍ ദേവന ശ്രിയ നയിക്കുന്ന സംഗീതനിശ. 6ന് വൈകുന്നേരം ഏഴുമണിക്ക് നഗരസഭ ചെയര്‍പേഴ്സന്‍ കെ.എം ജമുന റാണി ടീച്ചറുടെ അധ്യക്ഷതയില്‍ ഡോ. ടിവി സുനിത ‘സ്ത്രീയും കേരളീയ നവോഥാനവും’ എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്വാമിനി നിത്യ ചിന്‍മയി മുഖ്യ ഭാഷണം നടത്തും. 9.30 ന് പിലാത്തറ ലാസ്യ അവതരിപ്പിക്കുന്ന ‘സൂര്യപുത്രന്‍’ നൃത്താവിഷ്‌ക്കാരം. 7ന് വൈകുന്നേരം മണിക്ക് നടക്കുന്ന കവി സമ്മേളനം രമേശ് കാവിലിന്റെ അധ്യക്ഷതയില്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ഒ.എസ് ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാവും.
റോസ് മേരി മുഖ്യഭാഷണം നടത്തും. 9.30 ന് ഫോക് ലോര്‍ അകാഡമിയുടെ ദൃശ്യ സംഗീത വിസ്മയം. 8ന് വൈകുന്നേരം ഏഴുമണിക്ക് ‘മതവും വിശ്വാസവും’ എന്ന വിഷയത്തില്‍ ആധ്യാത്മിക സമ്മേളനം ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ സത്യന്റെ അധ്യക്ഷതയില്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ജില്ലാ ജഡ്ജ് വിപിഎം സുരേഷ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ മുഖ്യ ഭാഷണം നടത്തും. പികെ കൃഷ്ണദാസ്, ഡോ.അലക്സ് വടക്കുന്തല എന്നിവര്‍ സംസാരിക്കും.
9.30 ന് കോഴിക്കോട് മെലഡി ബിറ്റേര്‍സിന്റെ മെഗാഷോ. ഒമ്പതിന് വൈകുന്നേരം ഏഴു മണിക്ക് സര്‍വമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വിഷയത്തില്‍ ഗോകുലം ഗോപാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍ ഡിജിപി ഡോ. ബി സന്ധ്യ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ, സ്വാമി സുനില്‍ദാസ് ചലച്ചിത്ര സംവിധായകന്‍ വിനയന്‍ എന്നിവര്‍ സംസാരിക്കും. 10 മണിക്ക് മ്യൂസികല്‍ നൈറ്റ് അരങ്ങേറും.
11 മണിക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. കരിമരുന്ന് പ്രയോഗം. 10 ന് വൈകിട്ട് 5.15 ന് ആറാട്ട് എഴുന്നള്ളത്ത്. ഏഴു മണിക്ക് വിദേശികളടക്കം പങ്കെടുക്കുന്ന സംഗീത നൃത്താധിഷ്ഠിത യോഗധാര. 7.30 ന് ക്ഷേത്ര സ്റ്റേജില്‍ കേരള കലാമണ്ഡലത്തിന്റെ നങ്ങ്യാര്‍കൂത്ത്. 9.55 ന് കൊടിയിറക്കല്‍. തുടര്‍ന്ന് മംഗളാരതി, കരിമരുന്ന് പ്രയോഗം.
ഒന്നരക്കോടി രൂപ ചിലവില്‍ ക്ഷേത്ര ചിറയുടെ നവീകരണവും, ക്ഷേത്ര പരിസരത്തെ സൗന്ദര്യവല്‍കരണവും പൂര്‍ത്തിയായതായി പ്രസിഡൻ്റും ആഘോഷ കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.