NEWS

മുഖ്യമന്ത്രിക്ക്‌ ചുറ്റും പ്രച്ഛന്ന വലതു വീരന്മാര്‍. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചത് നന്നായി. ജനാഭിപ്രായം പരിഗണിച്ചതില്‍ സന്തോഷം. പക്ഷെ, അങ്ങനെയൊരു നിയമ ഭേദഗതി രൂപപ്പെടുത്തിയ ബുദ്ധിവൈഭവം ആരുടേതാണെന്ന് അറിയണമായിരുന്നു. സി പി ഐ എമ്മിന്റെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് അങ്ങനെയൊന്ന് എഴുതാന്‍ സാധ്യമല്ല. ഒരു കമ്യൂണിസ്റ്റുകാരനും കഴിയില്ല. അപ്പോള്‍പിന്നെ ആരാവും അതെഴുതിയത്? എന്താവും അയാളുടെ രാഷ്ട്രീയോദ്ദേശ്യം? എങ്ങനെയാവും ഇടതുപക്ഷ സര്‍ക്കാറിനെ ഈ ചതിയില്‍ പെടുത്തിയിട്ടുണ്ടാവുക?
യു എ പി എ ചുമത്തിയ പൊലീസും വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തിയ പൊലീസും പോക്സോ കേസുകള്‍ അട്ടിമറിച്ച പൊലീസും ഇവിടെത്തന്നെയുണ്ട്. ഇതിലൊന്നും സി പി എം നിലപാടല്ല പൊലീസ് വകുപ്പു പിന്തുടര്‍ന്നത്. കമ്യൂണിസ്റ്റ് നേതാവാണ് പൊലീസ് മന്ത്രിയെന്നത് വിസ്മയിപ്പിക്കുന്നു. എവിടെയോ എന്തോ തകരാറുണ്ട്. ആ പിശകു തീര്‍ത്തില്ലെങ്കില്‍ 118a ക്കു പകരം മറ്റൊന്നു വരും. അടിസ്ഥാന രോഗം മാറില്ല.

ന്യായീകരണപ്പടുക്കള്‍ പട നയിച്ചിട്ടും തിരുത്താതെ പറ്റിയില്ല. പരമാവധി കൈയൊഴിഞ്ഞിട്ടും കേന്ദ്ര നേതൃത്വത്തിന് ഇടപെടാതെ തരമില്ലെന്നു വന്നു. പിറകോട്ടു കാലുവെച്ചു ശീലിക്കാത്ത ഒറ്റയാന് കാലിടറി. ഇടതുപക്ഷ പരിരക്ഷയില്‍ പുലരുന്ന പ്രച്ഛന്ന വലതു വീരന്മാര്‍ കുനിഞ്ഞു നിന്നു തുടങ്ങി. ആരുടെ പൊലീസ് ആരെ നയിക്കുന്നു എന്ന വീണ്ടുവിചാരത്തിന് ഇനി വേറെ നേരം കിട്ടില്ല. ആ ഓഫീസില്‍ ചിലതുകൂടി/ ചിലരെക്കൂടി മാറ്റാനുണ്ട്. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് മരവിപ്പിച്ചതുകൊണ്ടു കാര്യമുണ്ടാവില്ല.

Back to top button
error: