ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന്റെയടക്കം പൂട്ടു പൊളിച്ച് അകത്തുകയറി വൻ മോഷണം. പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചിൽ ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെയും തിടപ്പള്ളിയുടെയും പൂട്ടു പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ മൊത്തം 51000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീകോവിലിൽ വച്ചിരുന്ന ഓടിൽ നിർമ്മിച്ച 7 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹ പ്രഭയടക്കമുള്ളവയാണ് നഷ്ടമായത്. 4 കിലോഗ്രാം തൂക്കം വരുന്ന നാല് തൂക്കുവിളക്കുകളും നഷ്ടമായി.
ശ്രീകോവിലിനോട് ചേർന്നുള്ള തിണ്ണയിൽ വച്ചിരുന്ന 3 കിലോഗ്രാം തൂക്കം വരുന്ന പൂജാ പാത്രസെറ്റ്, 3 കിലോഗ്രാം തൂക്കം വരുന്ന രണ്ട് തൂക്ക് വിളക്കുകൾ, രണ്ടര കിലോഗ്രാം തൂക്കം വരുന്ന ഒരു നിലവിളക്ക് ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആറ് ചെറുവിളക്ക് തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 10 കിലോഗ്രാം തൂക്കം വരുന്ന ഒരു ഉരുളി, ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ട് ചെറിയ ഉരുളികൾ, രണ്ട് ഗ്യാസ് സ്റ്റൗകൾ കൂടാതെ ശ്രീകോവിലിന് മുൻവശം തുടലിട്ട് പൂട്ടിയിരുന്ന സ്റ്റീലിന്റെ കാണിക്കവഞ്ചി എന്നിവയും മോഷണം പോയിട്ടുണ്ട്. ഹരിപ്പാട് പൊലീസാണ് മോഷണത്തിൽ കേസെടുത്തത്. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ പ്രാഥമിക നിഗമന പ്രകാരം ഏകദേശം 51000 രൂപയുടെ നഷ്ടം ആണ് കണക്കാക്കിയിരിക്കുന്നത്.