NEWSPravasi

കുവൈത്തിലും ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം; പ്രഖ്യാപനവുമായി നാഷണല്‍ ബാങ്ക്

കുവൈത്ത് സിറ്റി: ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റിനായി ​ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

കുവൈത്തിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾക്ക് സമാനമായി ബാങ്ക് കാർഡുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും. ഗൂഗിള്‍ പേ സേവനം ലഭ്യമായ അറുപത് രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇതോടെ കുവൈത്ത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആപ്പിള്‍ പേ സേവനം കുവൈത്തിലെ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചിരുന്നു. 2020ലാണ് കുവൈത്തിലെ ആദ്യത്തെ കോണ്‍ടാക്ട്‍ലെസ് പെയ്‍മെന്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ ആരംഭിച്ചത്. ആഗോള കണക്കുകള്‍ പ്രകാരം ഏതാണ്ട് 97.1 ബില്യന്‍ ഡോളറാണ് കവൈത്തിലെ കാര്‍ഡ്സ് ആന്റ് പേയ്‍മെന്റ്‍സ് വിപണിയുടെ വലിപ്പം. 2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 12 ശതമാനത്തിലധികം വളര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പേയ്‍മെന്റ് രീതികള്‍ മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ വ്യാപകമാവുന്നുവെന്നതാണ് കുവൈത്തില്‍ ഗൂഗിള്‍ പേ വാലറ്റ് പ്രവര്‍ത്തനം തുടങ്ങിയതിലൂടെ വ്യക്തമാവുന്നതെന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.

Back to top button
error: