കല്‍പ്പറ്റ(വയനാട്): ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുപ്പിനു വീണ്ടും വിളിപ്പിച്ചതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ പതിവുതന്ത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയെന്നത് മോദി സര്‍ക്കാരിന്റെ രീതിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ സ്വര്‍ണക്കടത്ത് കേസില്‍ രവീന്ദ്രനെ വിളിച്ചു വരുത്തി 13 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇപ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മറ്റൊരു കേസില്‍ വീണ്ടും വിളിപ്പിച്ചത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് കേസ് എവിടെ എത്തിയെന്ന് എല്ലാവര്‍ക്കുമറിയാം. ശരിയായ വിധത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയെന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമല്ല. പ്രതിപക്ഷമുക്ത ഭാരതം എന്ന ലക്ഷ്യം നേടുന്നതിനു പ്രതിപക്ഷ പാര്‍ട്ടികളെ താറടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ടിരിക്കുന്നത്. രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ് അന്വേഷണ ലക്ഷ്യം. കഴിഞ്ഞദിവസം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇതേ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയുണ്ടായി. ഇതും രാഷ്ര്ടീയ പ്രേരിതമാണെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു അനര്‍ഹര്‍ ആനുകൂല്യം തട്ടിയത് സമഗ്രമായി അന്വേഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കുറ്റം ചെയ്തവര്‍ ആരായാലും കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ച അന്വേഷണമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അനര്‍ഹര്‍ക്ക് സഹായധനം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനമാണ്. സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതിലൂടെ ഉന്നതരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വ്യാഖ്യാനം മുന്നോട്ടുവെക്കുന്നവര്‍ യഥാര്‍ഥത്തില്‍ അഴിമതിക്കാര്‍ക്ക് വളംവെക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കേന്ദ്ര അവഗണനയ്ക്കും ഇടയിലും ഡിസംബറിലെ സാമൂഹികസുരക്ഷാപെന്‍ഷന്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദാര്‍ഹമാണ്. പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.