പത്തനംതിട്ട: സീറ്റ് റിസര്‍വ് ചെയ്ത ബസ് സർവീസ് നടത്താത്തത് ബുദ്ധിമുട്ടുണ്ടാക്കിയതു കണക്കിലെടുത്ത് അധ്യാപികയ്ക്ക് കെ.എസ്.ആര്‍.ടി.സി. നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ 69,000 രൂപ അധ്യാപികയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചത്.
അടൂര്‍ ഏറത്ത് സ്വദേശിനി ചൂരക്കോട് എന്‍.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപിക പി. പ്രിയ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി ഉണ്ടായത്.
മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ഗവേഷണ വിദ്യാത്ഥിനികൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടികാഴ്ചയ്ക്കു വേണ്ടി 2018-ല്‍ കൊട്ടാരക്കരയില്‍ നിന്നും രാത്രി 8.30നുള്ള മൈസൂറിലേക്കു പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയുടെ എ.സി ബസിന് 1003 രൂപ മുടക്കി ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. അന്നേ ദിവസം 5.30നു വിളിയ്ക്കുമ്പോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയില്‍ എത്തുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി 8.30 ന് കെ.എസ്.ആര്‍.ടി.സിയുടെ കൊട്ടാരക്കരയിലെ അധികൃതര്‍ തിരുവനന്തപുരം ആഫീസില്‍ വിളിക്കുമ്പോള്‍ മാത്രമാണ് ബസ് റദ്ദു ചെയ്ത വിവരം പ്രിയ അറിയുന്നത്.
പിന്നീടു നടന്ന അന്വേഷണത്തിന്റെ ഭാഗമായി അന്നേ ദിവസം രാത്രി 11.45ന് കായംകുളത്തു നിന്നും മൈസൂറിനു ബസ് ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് 63 കിലോമീറ്റര്‍ ദൂരം രാത്രിയില്‍ ഒറ്റയ്ക്കു ടാക്‌സിയില്‍ കൊട്ടാരക്കരയില്‍ നിന്നും കായംകുളത്തുപോയി 903 രൂപ മുടക്കി വീണ്ടും ടിക്കറ്റ് ചാര്‍ജ്ജ് കൊടുത്ത് മൈസൂറിനു പോകുകയാണുണ്ടായത്.
വീട്ടില്‍ നിന്നും 16 കിലോമീറ്റര്‍ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപ്പോയില്‍ ഇവര്‍ എത്തിയത്. കൃത്യമായ വിവരം നല്‍കാതിരുന്നതു മൂലം ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് രാത്രിയില്‍ ഒറ്റയ്ക്ക് 63 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഏറെ വൈകി 11.45 നാണ് എത്തിച്ചേരാനായത്.
ഗൈഡുമായുള്ള കൂടികാഴ്ച്ചയ്ക്ക് താമസം നേരിട്ട തിനാല്‍ അന്നേ ദിവസം കൂടികാഴ്ച നടക്കാതെ വരികയും മൂന്നു ദിവസം മൈസൂരില്‍ താമസിക്കേണ്ടി വരികയും ചെയ്തു. ബസ് റദ്ദു ചെയ്തിട്ടും ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര ഫോറത്തിനെ സമീപിക്കുകമായിരുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
എന്നാല്‍ ഹര്‍ജി ഭാഗം ഉന്നയിച്ച വാദങ്ങളും തെളിവുകളും ശരിയാണെന്ന് കമ്മീഷനു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ റദ്ദു ചെയ്ത ബസിന്റെ ടിക്കറ്റ് ചാര്‍ജ്ജ് ഉള്‍പ്പെടെ 69,000 രൂപ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ഹര്‍ജികക്ഷിയ്ക്കു കൊടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.