CrimeWorld

വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് മെറ്റ; ഒഴിവാക്കുന്നത് 11,000 ജീവനക്കാരെയെന്നു സൂചന

സാന്‍ഫ്രാന്‍സിസ്‌കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റ. അടുത്ത മാസത്തോടെ കമ്പനി പതിനൊന്നായിരം പേരെക്കൂടി മെറ്റ പിരിച്ചു വിടുമെന്നാണ് സൂചന. കഴിഞ്ഞ നവംബറില്‍ മെറ്റ പതിനൊന്നായിരം പേരെ പിരിച്ചു വിട്ടിരുന്നു. ആകെ ജീവനക്കാരിൽ പതിമൂന്നു ശതമാനം പേരെ ഒഴിവാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. പെര്‍ഫോമന്‍സ് ബോണസ് പ്രഖ്യാപിക്കുന്നതിനു പിന്നാലെയാവും പിരിച്ചുവിടല്‍ തീരുമാനം അറിയിക്കുക.

പ്രകടനം മതിയായ വിധത്തിലല്ല എന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് മെറ്റ നോട്ടീസ് നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂട്ടപ്പിരിച്ചുവിടലിനു കളമൊരുക്കാനാണ് ഇതെന്നാണ് സൂചന. കമ്പനി ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. അതേസമയം, ആഗോളതലത്തിൽ വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് 2023 – ൽ വലിയതോതിൽ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവിടങ്ങളില്‍ പിരിച്ചുവിടലും ചെലവ് ചുരുക്കലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ വര്‍ഷത്തില്‍ വര്‍ധിച്ചു വരികയാണ്. ജനുവരിയില്‍ മാത്രം 268 കമ്പനികളിലായി 84,400 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു.

Signature-ad

ഫെബ്രുവരിയില്‍ 104 കമ്പനികളിലായി കുറഞ്ഞത് 22,800 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടു. 2023 ല്‍ ഇന്നുവരെ മൊത്തത്തില്‍ 1,08,454 ജീവനക്കാരെ ആഗോളതലത്തില്‍ ടെക് കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലും നിന്നായി പിരിച്ചുവിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തില്‍ ഈ വര്‍ഷം സൂം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ലിങ്ക്ഡ്ഇന്‍, എച്ച്പി, ടിക് ടോക്ക്, യാഹൂ, ഡെല്‍ എന്നിവയുള്‍പ്പെടെയുള്ള വലിയ ടെക് കമ്പനികള്‍ ആഗോളതലത്തിലും ഇന്ത്യയിലും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ഐടി മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ നടന്നത് 2022 നവംബറിലാണ്. അന്ന് ഇന്ത്യയിലും ആഗോളതലത്തിലും 2017 കമ്പനികളിലായി ഏകദേശം 51,800 ജീവനക്കാരെ ഇത് ബാധിച്ചു. 2020 സാമ്പത്തിക വര്‍ഷം രണ്ടാപാദത്തില്‍ 428 ടെക് കമ്പനികള്‍ കുറഞ്ഞത് 60,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഗൂഗിള്‍, മെറ്റാ, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവരും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. 2023 ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഡണ്‍സോ, ഷെയര്‍ചാറ്റ്, ക്യാപ്റ്റന്‍ ഫ്രഷ്, ഭാരത അഗ്രി, ഒല, ബൈജൂസ്, ഡീഹാറ്റ്, കോയിന്‍ ഡിസിഎക്‌സ്, ബൗണ്‍സ്, കാഷ്ഫ്രീ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നൂറുകണക്കിന് ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. വര്‍ധിച്ചുവരുന്ന പിരിച്ചുവിടലുകളുടെ എണ്ണം 2023 മധ്യത്തോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

Back to top button
error: