പാലക്കാട്: ഒറ്റപ്പാലത്തെ എയ്ഡഡ് സ്കൂളിലെ നാലു ആണ്‍കുട്ടികളെ കാണാതായി. വീട്ടില്‍ നിന്ന് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കാര്യം സ്ഥിരീകരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
കുട്ടികളെ കാണാതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസാണ് അന്വേഷണം നടത്തുന്നത്. കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതിനിടെ സ്റ്റേഷനിലുണ്ടായിരുന്ന ചിലരാണ്
കുട്ടികള്‍ ട്രെയിനില്‍ കയറിപ്പോകുന്നത് കണ്ടതായി പറഞ്ഞത്. വാളയാറിലേക്കുള്ള ടിക്കറ്റ് എടുത്ത് വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല.
കുട്ടികള്‍ ട്രെയിന്‍ കയറാതെ, മറ്റെവിടെയെങ്കിലും പോയോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്കൂള്‍ വേഷത്തിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇനി ബാഗില്‍ മാറാന്‍ വേറെ വസ്ത്രം കരുതിയിരുന്നോ എന്നതടക്കം അന്വേഷിക്കേണ്ടതുണ്ട്.