LocalNEWS

പടക്കം പൊട്ടി ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരിച്ചു, ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

     കണ്ണൂരിലെ ഇരിവേരി പുലിദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരണമടഞ്ഞ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് ആറ് ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു.

ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിക്കണ്ടി ശശീന്ദ്രന്‍(56) സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാരവാഹികളായ ആറുപേര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. അപകടം സംഭവിക്കുമെന്നറിഞ്ഞിട്ടും സ്ഫോടക വസ്തുക്കള്‍ അംഗീകാരമില്ലാതെ ഉപയോഗിച്ചതിനാണ് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പൊലിസ് കേസെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് ഘോഷയാത്രയ്ക്കിടെയായിരുന്നു അപകടം. സംഭവത്തിന് ശേഷം അരയ്ക്കു താഴെഭാഗം ചിന്നിചിതറിയ ശശീന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശീന്ദ്രന്‍ ചികിത്സയിലിരിക്കെ പതിനെട്ടിന് രാത്രി പത്തുമണിയോടെയാണ് മരിച്ചത്. അപകടത്തില്‍ പാനേരിച്ചാലിലെ പി.കെ ലക്ഷ്മണനും പരുക്കേറ്റിരുന്നു.

ഘോഷയാത്ര തുടങ്ങിയ ഉടന്‍ പടക്കം പൊട്ടിച്ചിരുന്നു. ഇതില്‍ നിന്നും തെറിച്ച തീപ്പൊരി സമീപത്തെ കേബിളില്‍ പതിച്ചു ഇതണയ്ക്കാന്‍ ശ്രമിക്കവെ ശശീന്ദ്രന്റെ കൈയില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം അടങ്ങിയ സഞ്ചിയ്ക്ക് തീപിടിക്കുകയായിരുന്നു. സഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ ഏതാനും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ചക്കരക്കല്‍ പൊലീ‌സ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടെരിക്കാണ് കേസ് അന്വേഷണ ചുമതല.

Back to top button
error: