KeralaNEWS

കാനത്തെ എതിര്‍ത്തവര്‍ക്ക് എതിരെ അന്വേഷണം വരുന്നു; വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍ എതിര്‍ ശബ്ദം ഉയര്‍ത്തിയവര്‍ക്കെതിരേയെല്ലാം പരാതിയും അന്വേഷണവും വരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍. എതിര്‍ത്തവരെ തിരുത്തി കൂടെനിര്‍ത്തുകയാണ് വേണ്ടത്. അതിനു പകരം വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി ഇല്ലാതാകും. പത്തനംതിട്ട ജില്ലാ സെക്രട്ടറിയ്‌ക്കെതിരായ പാര്‍ട്ടി അന്വേഷണ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ചന്ദ്രശേഖരന്റെ പ്രതികരണം.

എ.പി ജയനെതിരായ അനധികൃത സ്വത്തുസമ്പാദന പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിലാണ് സിപിഐ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നത്. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ അഷ്‌റഫ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം നടത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചനടന്നത്. ഈ ചര്‍ച്ചയിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എടുത്ത നിലപാടിന് വിരുദ്ധമായ സമീപനം ചന്ദ്രശേഖരന്‍ കൈക്കൊണ്ടത്. സംസ്ഥാന സമ്മേളന കാലയളവില്‍ കാനം രാജേന്ദ്രന്റെ എതിര്‍പക്ഷത്തായിരുന്നു ജയന്‍.

Signature-ad

പാര്‍ട്ടി സംസ്ഥാന സമ്മേളന സമയത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പലരും നിലപാട് എടുത്തിരുന്നു. അത്തരം സമീപനം എടുത്തവരെ തനിക്ക് നേരിട്ടറിയാം. എന്നാല്‍, അങ്ങനെ സമീപനം എടുത്തവര്‍ക്ക് എതിരെയെല്ലാം പരാതി വരുന്നു, അന്വേഷണവും വരുന്നു. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലാകും എന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. പരാതിയും എതിര്‍ശബ്ദവും ഉന്നയിച്ചവരെ ചവിട്ടിപ്പുറത്താക്കുകയല്ല വേണ്ടത്. അവരെ തിരുത്തി കൂടെനിര്‍ത്തുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തമശെലി. ആ ശൈലിയിലേക്ക് പാര്‍ട്ടി വരണം. അല്ലാതെ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറിയാല്‍ അത് പാര്‍ട്ടിയെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: